‘സമുദ്രശില’ നോവൽ പരിചയം
ജോർജ് കെ.ടി
ഒരു പുസ്തകം വായിക്കുമ്പോൾ എഴുത്തുകാരന്റെ അല്ലെങ്കിൽ എഴുത്തുകാരിയുടെ കണ്ണിലൂടെ ഈ ലോകത്തെ കാണുകയാണ് നാം ചെയ്യുന്നത് എന്നത് എത്രമാത്രം ശരിയാണ് ?
ഒന്നിനെ പലർ പല കോണിൽ വീക്ഷിക്കുന്നത് അറിയുക എന്നതു തന്നെ എത്രമാത്രം ആസ്വാദ്യകരമാണ് അല്ലേ ?. പലതരം വ്യാഖ്യാനങ്ങളിൽ വരികയും ഓരോന്നിനും സ്വയം നിലനിൽപ്പ് ഉണ്ടാവുകയും ഒക്കെ ചെയ്യുമ്പോൾ രചന ഒരു ക്ലാസിക് എന്ന തലത്തിലേക്ക് ഉയരുകയാണ് എന്ന് പറയാം. നമ്മൾ പലപ്പോഴും അഭിമുഖീകരിച്ചതിന് / കടന്നുപോയതിനു സമാനമായ സന്ദർഭങ്ങളിലൂടെ ഒരു കഥാപാത്രം കടന്നു പോകുമ്പോൾ, അത് നാം വായിക്കുമ്പോൾ ഇത്രയൊന്നും ഞാൻ ആലോചിച്ചിട്ടില്ലല്ലോ എന്ന, നമ്മുടെ ഉള്ളിൽ ഉയരുന്ന ഒരു അമ്പരപ്പ്, അത് തന്നെയാണ് അതിന്റെ ഏറ്റവും ഉയർന്ന ആസ്വാദനം എന്നാണ് എന്റെ പക്ഷം.
മനുഷ്യന് ഒരു ആമുഖം എന്ന ഒറ്റ നോവൽ കൊണ്ടുതന്നെ നോവൽ വായനാ സങ്കൽപത്തിന് വല്ലാത്തൊരു വഴിമാറ്റം പിടിച്ചുവാങ്ങിയ എഴുത്തുകാരനാണ് സുഭാഷ് ചന്ദ്രൻ. അപരിചിതവും അപ്രതീക്ഷിതമായ അനുഭവ പരമ്പരകളുടെ കുത്തൊഴുക്കിൽ പൊങ്ങുതടിയായി ഉരുണ്ടൊഴുകാൻ മാത്രം കഴിയുക എന്ന നിസ്സഹായത ആദ്യ നോവലിൽ ആദ്യന്തം നമുക്ക് അസ്വസ്ഥത സമ്മാനിക്കുന്നുണ്ട്. നാറാപിള്ള എന്ന ഒറ്റ മനുഷ്യന്റെ അയാൾ നായകനെന്ന പദവിക്കു സ്വഭാവം കൊണ്ടോ ആകാരം കൊണ്ടോ ഒട്ടും ചേരുന്നില്ല എന്ന് നമുക്ക് തോന്നിയാലും, ആരാധകരായിപ്പോവുക എന്ന അടിമത്തത്തിലേക്ക് കഥാകാരൻ നമ്മെ വലിച്ചെറിഞ്ഞു കൊടുക്കുകയായിരുന്നു.
ഉപാധി രഹിതമായ സ്നേഹമെന്ന ഒറ്റ ബിന്ദുവിന്റെ ചുറ്റുമാണ് സുഭാഷ് ചന്ദ്രൻ തന്റെ രണ്ടാം നോവൽ ചുറ്റി എടുക്കുന്നത്. കഥയുടെ ക്ലൈമാക്സ് കഥയുടെ ഏറ്റവും അവസാനം എന്ന പതിവുരീതി തെറ്റി അടുക്കപ്പെട്ടുവെന്ന ഒരു സവിശേഷതയും ഇതിനുണ്ട്.
ഗോവർധനന്റെ യാത്രകൾ വായിക്കുമ്പോൾ അനുഭവിക്കുന്ന ഒരു സ്ഥലജലവിഭ്രാന്തി നോവലിസ്റ്റ് വായനക്കാരനിലേക്ക് പടർത്തി വിടുന്നുണ്ട്. പല യുഗങ്ങളിൽ നിന്ന് പുരാണകഥാപാത്രങ്ങളും ചരിത്ര പുരുഷന്മാരും ഒരേ പോലെ ഇറങ്ങിവന്നു സംവദിക്കുന്നതിലെ ദഹിക്കായ്കയും ചേരായ്കയുമായിരുന്നു ആനന്ദിന്റെ നോവലിലെ വലിയ മധുരമെങ്കിൽ ഇവിടെ യാഥാർഥ്യവും മിത്തും എവിടെവച്ചാണ് ഇഴ പിരിക്കേണ്ടത് എന്ന അങ്കലാപ്പാണ് വായനക്കാരനെ ചൂഴ്ന്നു നിൽക്കുന്നത്.
നോവലിന്റെ പശ്ചാത്തലം ഒരുക്കുന്നതിൽ അസാമാന്യമായ കൈയടക്കം നോവലിസ്റ്റ് പുറത്തെടുക്കുന്നുണ്ട്. ദുരന്തങ്ങൾ മാത്രം നടക്കുന്ന ഒരു വീട് – മൂന്ന് മരണങ്ങൾ – പ്രധാന കഥാപാത്രങ്ങളുടെ മരണങ്ങൾ പറഞ്ഞു വെക്കുന്ന ഫ്ലാറ്റിന്റെ പേര് രേവതി എന്നാണ്. അതായത് അവസാന ജന്മനക്ഷത്രത്തിന്റെ പേര്. അതും ശ്മശാനത്തിന്റെ തൊട്ടടുത്ത്, അംബയുടെ ഭാഷയിൽ സാമൂതിരിയുടെ കോഴിക്കോട് ഒരു രേവതി ‘പട്ടട’ ത്താനം. കനോലിയിലെ അഴുക്കു വെള്ളത്തിന്റെ തൊട്ടടുത്ത്.
നാടിന്റെ ഗ്രാമീണതയുടെ, സ്വച്ഛതയുടെ ഉയർച്ചയിൽ നിന്ന് തിരക്കിൽ, കപടതകൾ ഉള്ളിലൊതുക്കി ഒളിപ്പിക്കുന്ന, ബന്ധങ്ങൾക്ക് വിലയില്ലാത്ത നഗരത്തിലേക്കുള്ള താമസം മാറ്റം. ഇതൊക്കെ കഥയുടെ ഒഴുക്കിനനുസരിച്ച് ഒരുക്കി വെക്കാനും നോവലിസ്റ്റ് ഏറെ ശ്രദ്ധിച്ചിരിക്കുന്നു.
കഥാപാത്രങ്ങൾക്ക് പേര് തെരഞ്ഞെടുത്തു നൽകുന്നതിൽ പോലും ഈ ഒരു അവധാനത ദൃശ്യമാണ്. ഭാര്യയേയും നിത്യരോഗിയായ മകനെയും ഉപേക്ഷിച്ച് പോകുന്ന കോളജ് അധ്യാപകന് സിദ്ധാർത്ഥൻ എന്നല്ലാതെ മറ്റേത് പേരാണ് ചേരുക. അച്ഛനു വേണ്ടി പ്രണയം ഉപേക്ഷിച്ച രമണനിലെ ചന്ദ്രികയുടെ പേര് തന്നെ സ്വപ്നങ്ങൾ ഉപേക്ഷിക്കുന്ന മകൾക്കിട്ടതും ഏറ്റവും കൃത്യം.
സെറിബ്രൽ പാൾസിയും ഓട്ടിസവും ബാധിച്ച മകന്റെയും അമ്മയുടേയും ചുറ്റിലും നിന്ന് കറങ്ങിയൊടുങ്ങുകയാണ് നോവൽ. കേന്ദ്ര കഥാപാത്രമായ അംബ വെറും സങ്കല്പമല്ലെന്നും അവർ അയാളെ വന്നു കണ്ട ഒരു സ്ത്രീയാണെന്നും നോവലിസ്റ്റ് തെളിവു നിരത്തുന്നുണ്ട്.
എഴുതപ്പെടാത്ത ഗ്രന്ഥത്തിന്റെ ഇതിഹാസകവിയുടെ മുന്നിൽ അതിലെ കഥാപാത്രമായ അംബ വന്ന് ചോദിക്കുന്നു. തനിക്ക് അങ്ങിൽ നിന്നും ഒരു സന്താനം ഉണ്ടായിരുന്നുവെങ്കിൽ അവൻ എങ്ങനെയായിരിക്കുമെന്ന്.
പാണ്ഡുവിന്റേയും ധൃതരാഷ്ട്രരുടേയും ശാരീരിക പരിമിതികളെ കുറിച്ചുള്ള അറിവുകളാണ് അംബയെ, പിറക്കാതെ പോയ കുഞ്ഞിനെ കുറിച്ചുള്ള ചോദ്യത്തിലേക്ക് വരിഞ്ഞത്. സ്വേച്ഛ ഇല്ലാതെവരിക്കുന്നത് കൊണ്ട് സ്വേച്ഛയാൽ കൈകാലുകൾ പോലും ചലിപ്പിക്കാൻ കഴിയാത്ത ഒരു സന്താനമാകും ഉണ്ടാവുക എന്ന് കൃഷ്ണദ്വൈപായനൻ മറുപടി നൽകുന്നു. ഈ കഥ നോവലിന്റെ ആരംഭത്തിൽ കുറിച്ചുകൊണ്ടാണ് അംബ എന്ന തികച്ചും സാങ്കൽപ്പികമല്ലാത്ത ഒരു കഥാപാത്രത്തിന്റെ മകന്റെ വൈകല്യത്തെ നോവലിസ്റ്റ് വിധി നിയമം എന്ന് സമർത്ഥിക്കാൻ ശ്രമിക്കുന്നത്.
ധർമ്മാർത്ഥ കാമ മോക്ഷങ്ങൾ എന്ന നാലു ഖണ്ഡങ്ങൾ കൊണ്ട് മനുഷ്യന് ഒരു ആമുഖം എഴുതി തീർത്ത നോവലിസ്റ്റ് സമുദ്രശില യിൽ സൃഷ്ടിസ്ഥിതി സംഹാരങ്ങൾ ആണ് ഖണ്ഡനാമങ്ങളായി തെരഞ്ഞെടുക്കുന്നത്.
പെണ്ണെഴുത്ത് എന്ന കണ്ണട വെച്ച് ഈ നോവൽ വായിക്കാനാണ് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നത്.
കഥാപാത്രം ആവശ്യപ്പെട്ടതു കൊണ്ട് താൻ ഇതിനെ അങ്ങനെ ആക്കിയതാണ് എന്ന് നോവലിസ്റ്റ് പറയുന്നുമുണ്ട്.
ഭർത്താവ് എന്ന നിലയിൽ കാമുകൻ എന്ന നിലയിൽ മകൻ എന്ന നിലയിൽ നോവലിസ്റ്റ് എന്ന നിലയിൽ ഒക്കെ പുരുഷന്റെ ആത്മാർത്ഥത കുറവും തീർത്തും പൊള്ളയായ വാക്കുകളും പ്രവൃത്തികളും വായനയിലുടനീളം എഴുന്നു നിൽക്കുന്നുണ്ട്.
മേൽപ്പറഞ്ഞ നിലകളിലൊക്കെ അവൻ അവളിൽ നിന്ന് പ്രതീക്ഷിക്കുന്നതും അവൾ അവനിൽ നിന്ന് പ്രതീക്ഷിക്കുന്നതും എന്ത് എന്ന് അറിയാൻ ശ്രമിക്കുമ്പോഴാണ് കഥാപാത്രത്തിൻറെ ആവശ്യം നോവലിസ്റ്റ് എത്രത്തോളം സാധിച്ചു കൊടുത്തിരുന്നു എന്നത് നാം തിരിച്ചറിയുക.
അവൻ അവളെ ശരീരം കൊണ്ട് അറിയുന്നതിനേക്കാൾ എത്രയോ തീക്ഷ്ണമായി അവൾ അവനെ വാക്കുകൊണ്ട് അറിയുന്നു എന്നാണ് ഓരോ അവനും തിരിച്ചറിയുക ? ആണ് എന്ന അധ്യായം അവന്മാർ വായിക്കട്ടെ . പലവട്ടം. ആദ്യ നോവലിൽ നിന്ന് വ്യത്യസ്തമായി ഓരോ അധ്യായത്തിനും തുടക്കത്തിലുള്ള വിവരണം ഇതിൽ വളരെ ചെറുതാക്കി യിട്ടുണ്ട്. വലിപ്പത്തിൽ മാത്രം.
പത്രപ്രവർത്തകൻ കടന്നൽ ആണെങ്കിൽ സാഹിത്യകാരൻ തേനീച്ചയാണ്. രണ്ടാമത്തേത് വാക്കിന്റെ തേൻ നൽകുന്നുണ്ടാകും. പക്ഷേ രണ്ടും കുത്തും. പത്രപ്രവർത്തകനായ സാഹിത്യകാരൻ എഴുതിയ സമുദ്രശിലയിൽ നിന്ന് നമുക്ക് രണ്ടു തരം കുത്തുകളും ഏൽക്കേണ്ടി വരുന്നുണ്ട് എന്നത് തന്നെയാണ് ഈ നോവലിനെ വേറിട്ട ഒന്നാക്കുന്നത്.
നമ്മുടെ ചിന്തകളെ വാക്കുകളെ കാഴ്ചപ്പാടുകളെ ഉഴുതുമറിക്കാൻ അസാമാന്യ കരുത്തുള്ള ഒരു നോവൽ എന്ന രീതിയിൽ ഞാനിത് നിങ്ങൾക്കായി നിർദ്ദേശിക്കുന്നു.