സമസ്ത വിഷയത്തില്‍ സിപിഎം നിലപാട് പ്രതിഷേധാര്‍ഹമെന്ന് മുസ്ലിംലീഗ്


മേപ്പയൂര്‍: പൊതുവേദിയില്‍ പെണ്‍കുട്ടിക്ക് വിലക്കേര്‍പ്പെടുത്തി എന്ന രീതിയില്‍ മുസ്ലിം പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതാക്കള്‍ക്കെതിരെ സി.പി.എം നേതാക്കളും മന്ത്രിമാരുമായ എം.വി ഗോവിന്ദന്‍മാസ്റ്ററും, വീണജോര്‍ജും നടത്തിയ പ്രസ്താവനകളിലൂടെ സമസ്തയോടുള്ള സിപിഎമ്മിന്റെ യഥാര്‍ത്ഥ നിലപാടാണ് പുറത്തുവന്നിരിക്കുന്നതെന്ന് മുസ്ലിംലീഗ് ജില്ലാസെക്രട്ടറി സി.പി.എഅസീസ് കീഴരിയൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സംഘടിപ്പിച്ച സ്‌പെഷല്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിത രാഷ്ട്രീയം നൈതികതയുടെ വര്‍ത്തമാനം’എന്ന പ്രമേയത്തില്‍ മെയ് 24 മുതല്‍ 27 വരെ പേരാമ്പ്രയില്‍ നടക്കുന്ന മുസ്ലിംലീഗ് നിയോജക മണ്ഡലം സമ്മേളനത്തിന്റെ വിജയത്തിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് യോഗം രൂപം നല്‍കി. കീഴരിയൂരില്‍ നിന്നും ആരംഭിക്കുന്ന സമ്മേളന പതാകജാഥ വിജയിപ്പിക്കാനും, പ്രചരണാര്‍ത്ഥം 21ന് വിളംബരജാഥ സംഘടിപ്പിക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. റാലിയില്‍ 1000 പ്രവര്‍ത്തകരെ പങ്കെടുപ്പിക്കും.

ടി.കുട്ടാലി, മൊയ്തീന്‍ റാഹിലാസ്, പി.സിമൊയ്തി, ഏ.മൊയ്തീന്‍മാസ്റ്റര്‍, കെ.റസാക്ക്, നട്ടന്നൂര്‍ പക്രന്‍, കെ.ടി അബ്ദു റഹിമാന്‍, സത്താര്‍ കീഴരിയൂര്‍, അന്‍സില്‍ കീഴരിയൂര്‍, സാബീറ നടുക്കണ്ടി, കെ. ടി ഫവാസ്, ശംസുദ്ധീന്‍ മസ്ഹര്‍ എന്നിവര്‍ സംസാരിച്ചു. കുന്നുമ്മല്‍ നൗഷാദ്‌ സ്വാഗതവും ടി.ഏ സലാം നന്ദിയും പറഞ്ഞു.