സമയബന്ധിതമായി റോഡ് പണി പൂര്‍ത്തീകരിച്ചില്ലെന്ന് ആരോപണം;; എരവട്ടൂര്‍ കനാല്‍ മുക്കില്‍ സംഘര്‍ഷം


പേരാമ്പ്ര: സമയബന്ധിതമായി റോഡ് പണി പൂര്‍ത്തീകരിച്ചില്ലെന്ന് ആരോപിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞതിനെ ചൊല്ലി എരവട്ടൂര്‍ കനാല്‍ മുക്കില്‍ സംഘര്‍ഷം. പേരാമ്പ്ര പഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ എരവട്ടൂര്‍ കനാല്‍ മുക്ക് -ആനേരിക്കുന്ന് റോഡ് പണി പൂര്‍ത്തിയാക്കാന്‍ വൈകിയതില്‍ പ്രതിഷേധിച്ചാണ് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ റോഡ് തടഞ്ഞത്. ഇന്നലെയാണ് സംഭവം.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം പ്രവര്‍ത്തകരും യൂത്ത് ലീഗ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന വാക്കേറ്റം ഉന്തിലും തള്ളിലും കലാശിച്ചു. പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയാണ് ഇരുകൂട്ടരെയും പിരിച്ചുവിട്ടത്. സംഭവത്തിത്തെ തുടര്‍ന്ന് മുഹമ്മദ് ഫൈസല്‍ എന്നയാളുടെ പരാതിയില്‍ പേരാമ്പ്ര പോലീസ് കേസെടുത്തു. സ്ഥലത്ത് പൊലീസ് കാവലുണ്ട്.