‘സമഗ്രം പദ്ധതി’യിലൂടെ ചക്കിട്ടപാറയില്‍ സമ്പൂര്‍ണ വൈഫൈ സംവിധാനമൊരുങ്ങുന്നു


പേരാമ്പ്ര: ചക്കിട്ടപാറ പഞ്ചായത്തിൽ ഡിജിറ്റൽ പഠനോപകരണ വിതരണവും സമ്പൂർണ വൈഫൈ പ്രഖ്യാപനവും ഇന്ന് (തിങ്കളാഴ്‌ച) നടക്കും. രാവിലെ 10.30 ന് ടി.പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ലാപ്ടോപ്പ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ ഷീജ ശശിയും സമ്പൂർണ വൈഫൈ പ്രഖ്യാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ എൻ.പി ബാബുവും നിർവഹിക്കും.
സമഗ്രം പദ്ധതിയുടെ ഭാഗമായി ചക്കിട്ടപാറ സമ്പൂർണ ഡിജിറ്റൽ ഗ്രാമമാകുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ കെ.സുനിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആധുനിക പഠന സൗകര്യമില്ലാതിരുന്ന 189 വിദ്യാർഥികൾക്കാണ് പുതുതായി ഡിജിറ്റൽ സൗകര്യം ഒരുങ്ങുന്നത്. ഭരണസമിതി ജനങ്ങളിൽ നിന്ന്‌ 15.5 ലക്ഷം രൂപ സമാഹരിച്ചു. പഞ്ചായത്തിലെ അയ്യായിരത്തോളം വീടുകളിൽനിന്ന്‌ 1500 സന്നദ്ധ വളന്റിയർമാർ ആക്രി സാധനങ്ങൾ ശേഖരിച്ച് 2.5 ലക്ഷം രൂപ കണ്ടെത്തി.
പുതുതായി 25 കിലോമീറ്റർ ദൈർഘ്യത്തിൽ കേബിൾ വലിച്ചാണ് ട്രൈബൽ കോളനികളിലടക്കം ഹൈസ്പീഡ് ഇന്റർനെറ്റ് സൗകര്യമെത്തിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ചിപ്പി മനോജ്, സ്ഥിരംസമിതി അധ്യക്ഷരായ സി.കെ ശശി, ഇ.എം ശ്രീജിത്ത്, പഞ്ചായത്തംഗം കെ.എ ജോസുകുട്ടി എന്നിവരും പങ്കെടുത്തു.