സബ്‌നാസ് മുലയൂട്ടുന്നതാണ്, ശരീരത്തില്‍ നിരവധി പരിക്കുകള്‍, വലത് കണ്ണിന്റെ കാഴ്ച്ച ശക്തി കുറഞ്ഞു; മൃഗസ്‌നേഹികളുടെ സംരക്ഷണയില്‍ കഴിഞ്ഞ സബ്‌നാസിന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്


കൂരാച്ചുണ്ട്: കരിയാത്തുപ്പാറയില്‍ നിന്ന് മൃഗ സ്‌നേഹികളുടെ People For Animal എന്ന സംഘടന കൊണ്ടുപോയ സബ്നാസ് എന്ന കുതിരയ്ക്ക് ശരിയായ പരിചരണം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത്. കാലിലെ മുറവ് ശരിപ്പെടുത്താന്‍ ഉടമയ്ക്ക് സാധിക്കില്ലെന്ന് പറഞ്ഞാണ് സംഘടന 2021 ഫെബ്രുവരിയില്‍ സബ്‌നാസിനെ കൊണ്ടു പോകുന്നത്. പതിനൊന്ന് മാസത്തോളം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഊട്ടി സ്വദേശി കണ്ണന് തന്റെ പ്രിയപ്പെട്ട കുതിരയെ തിരികെ ലഭിച്ചത്.

കൊണ്ടു പോകുമ്പോള്‍ കാലിലെ ചെറിയ മുറിവ് മാത്രമാണ് സബ്‌നാസിന് ഉണ്ടായിരുന്നത്. ആറു മാസം ഗര്‍ഭിണിയുമായിരുന്നു. ഗര്‍ഭിണിയായ സബിനാസിനെ അബോര്‍ഷന്‍ ചെയ്യേണ്ടി വന്നെന്നന്നാണ് സംഘടന കോടതിയില്‍ പറഞ്ഞത്. എന്നാല്‍ പൂക്കോട് വെറ്ററിനറി കോളേജില്‍ നടത്തിയ പരിശോധനയില്‍ സബിനാസ് മുലയൂട്ടതാണെന്ന് സ്ഥിരീകരിച്ചു. എപ്പോഴാണ് പ്രസവം നടന്നതെന്നുള്‍പ്പെടെയുള്ള
കാര്യങ്ങളില്‍ വ്യക്തത വരാന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ട്.

സബ്‌നാസിന്റെ ശരീരത്തില്‍ നിരവധി പരിക്കുകളുണ്ടെന്നും വലത് കണ്ണിന്റെ കാഴ്ച്ചശക്തി കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പതിനൊന്ന് മാസം സംഘടനയുടെ സംരക്ഷണയില്‍ കഴിഞ്ഞ സബ്‌നാസിന് വേണ്ട രീതിയിലുള്ള യാതൊരു പരിചരണവും ലഭിച്ചിട്ടില്ല എന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന റിപ്പോര്‍ട്ട്.

2021 ഫെബ്രുവരി 9 നാണ് കൂരാച്ചുണ്ട് പോലീസ് സബ്‌നാസിനെ കസ്റ്റഡിയിലെടുത്ത് സംരക്ഷരണത്തിനായി സംഘടനയ്ക്ക് കൈമാറിയത്. തുടര്‍ന്ന് മലയാളം എഴുത്തും വായനയും അറിയാത്ത കണ്ണനെ കൊണ്ട് കയ്യൊപ്പ് ഇടിയിച്ച് സബിനാസിനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സബിനാസിനായി എന്നും പോലീസ് സ്റ്റേഷന്‍ വരാന്ത കയറിയിറങ്ങിയ കണ്ണന്‍ പിന്നീട് കുതിരയെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്നാവശ്യവുമായി അയല്‍വാസിയും അഡ്വക്കേറ്റുമായ സുമിനെ സമീപിക്കുകയായിരുന്നു.

2021 ഏപ്രില്‍ മാസം 15 ന് സബിനാസിനെ തിരിച്ച് കിട്ടാനായി പേരാമ്പ്ര കോടതിയില്‍ അഡ്വക്കേറ്റ് സുമിന്‍ മുഖാന്തരം അപേക്ഷ സമര്‍പ്പിച്ചത്. നിയമപരമായി പാലിക്കേണ്ട യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെയാണ് പോലീസ് സബിനാസിനെ കസ്റ്റഡിയിലെടുത്ത് മൃഗ സ്‌നേഹികള്‍ക്ക് നല്‍കിയതെന്ന് തെളിയിക്കാന്‍ കഴിഞ്ഞതോടെ നവംബര്‍ 11 ന് സബിനാസിനെ ഉടമയായ കണ്ണന് തിരിച്ച് നല്‍കാന്‍ കോടതി ഉത്തരവിട്ടു. എന്നാല്‍ ഉത്തരവ് നടപ്പിലാക്കി കണ്ണന് സബ്‌നസിനെ വീണ്ടും കാത്തിരിക്കേണ്ടി വന്നു. ജനുവരി 14 നാണ് കണ്ണന് പ്രിയപ്പെട്ട കുതിരയെ തിരികെ ലഭിക്കുന്നത്.

സബിനാസിനെ കണ്ണന് കൈമാറുമ്പോള്‍ മുലകുടി മാറാത്ത കുതിരയുടെ കുഞ്ഞ് സബിനാസിനെ വട്ടം ചുറ്റിയിരുന്നു. കുഞ്ഞിനെ ഉപേക്ഷിച്ച് വരാന്‍ തയ്യാറാവാത്ത സബിനാസിനെ വലിച്ച് വാഹനത്തില്‍ കയറ്റാന്‍ മൃഗസ്‌നേഹികള്‍ മുന്നിലായിരുന്നു. കാത്തിരിപ്പുകള്‍ക്ക് ശേഷം സബിനാസിനെ തിരികെ ലഭിച്ചെങ്കിലും ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ കണ്ണീരൊലിപ്പിച്ചു നില്‍ക്കുകയായിരുന്നു സബ്‌നാസ്. ഭക്ഷണമെന്നും കഴിക്കാത്തതിനാല്‍ രണ്ട് തവണ ട്രിപ്പിടേണ്ടി വന്നു.

ജനുവരി 15 ന് കൂരാച്ചുണ്ട് സര്‍ക്കാര്‍ വെറ്ററിനറി സര്‍ജനെ കാണിച്ചു. സബിനാസിന്റെ അകിട് പരിശോധിച്ച സര്‍ജന്‍ സബിനാസ് മുലയൂട്ടുന്ന കുതിരയാണെന്ന് ഉറപ്പിച്ചു. ഇതോടെ വിദഗ്ദ ചികിത്സക്കായി വയനാട് പൂക്കോട് വെറ്ററിനറി ആശുപത്രിയില്‍ കൊണ്ടുപോവുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ഈ കാലയളവില്‍ സബ്‌നാസിന് വേണ്ടരീതിയിലുള്ള യാതൊരു പരിചരണവും ലഭിച്ചിട്ടില്ലെന്ന് വെളിവാക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ട് ലഭിക്കുന്നത്.