സപ്പോര്‍ട്ട് ഡാം നിര്‍മ്മാണ പ്രവൃത്തികള്‍ പുരോഗമിക്കുന്നു; കുറ്റ്യാടി ജലസേചനപദ്ധതി ജലവിതരണം കനാല്‍പ്രവൃത്തിക്കു ശേഷം


പേരാമ്പ്ര: പെരുവണ്ണാമൂഴി ഡാമിന്റെ ബലക്കുറവ് പരിഹരിക്കാനുള്ള സപ്പോര്‍ട്ട് ഡാം നിര്‍മ്മാണത്തിന്റെ പ്രവൃത്തികള്‍ പുരോഗമിക്കുന്നു. സപ്പോര്‍ട്ട് ഡാം നിര്‍മിക്കുന്നതിന്റെ ഭാഗമായി ജലസേചനത്തിനുള്ള കനാല്‍ തുടങ്ങുന്ന ഭാഗത്തും പ്രവൃത്തി തുടങ്ങി. അതിനാല്‍ കുറ്റ്യാടി ജലസേചനപദ്ധതി ജലവിതരണം കനാല്‍പ്രവൃത്തിക്കു ശേഷമാണ് നടക്കുക.

ഡാമില്‍നിന്നും കനാല്‍ തുടങ്ങുന്ന ഭാഗത്തുകൂടിയാണ് സപ്പോര്‍ട്ട് ഡാം കടന്നുപോകുക. അതിനാല്‍ ഈ ഭാഗത്ത് കനാല്‍ പൊളിച്ച് മണ്ണെടുത്തുമാറ്റി കോണ്‍ക്രീറ്റ് ചെയ്യണം. കനാലിലേക്ക് വെള്ളം തുറന്നുവിടാന്‍ ആവശ്യത്തിനുള്ള ഭാഗത്തെ നിര്‍മാണം അടുത്ത മാസം ഇരുപതിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം. അതിനുശേഷംമാത്രമാണ് ഈ വര്‍ഷം കനാലിലൂടെയുള്ള ജലവിതരണം നടക്കൂ.

നിലവിലുള്ള ഡാമിനെ ബലപ്പെടുത്തുന്നതിനാണു സപ്പോര്‍ട്ടു ഡാം നിര്‍മിക്കുന്നത്. നിലവിലെ ഡാമിന് മുന്‍ഭാഗത്താണ് 170 മീറ്റര്‍ നീളത്തിലും അടിത്തറഭാഗത്ത് പത്തുമുതല്‍ 17 മീറ്റര്‍ വരെ വീതിയിലും സപ്പോര്‍ട്ട് ഡാം നിര്‍മിക്കുക. മൂന്നുവര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. കനാലിലേക്ക് വെള്ളം ഒഴുക്കിവിടുന്ന ഭാഗത്തുള്ള പ്രവൃത്തികളും ഇതിന്റെഭാഗമായി വരും. വേള്‍ഡ് ബാങ്കിന്റെ ധനസഹായത്തോടെ കേന്ദ്ര ജല കമ്മീഷന്റെ ഡി.ആര്‍.ഐ.പി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. 29.13 കോടി രൂപയാണ് കരാര്‍ തുക. ഇതിന്റെ 70 ശതമാനം വേള്‍ഡ് ബാങ്കും 30 ശതമാനം തുക സംസ്ഥാന സര്‍ക്കാറുമാണ് നല്‍കുക.

ജില്ലയിലെ മൂന്നു താലൂക്കുകളില്‍ ജലസേചനത്തിന് പെരുവണ്ണാമൂഴി അണക്കെട്ടിലെ വെള്ളമെത്തിക്കുന്നതാണ് കുറ്റ്യാടി ജലസേചനപദ്ധതി. 603 കിലോ മീറ്റര്‍ ദൂരത്തിലുള്ള കനാലിലൂടെയാണ് വെള്ളമത്തിക്കുക. കനാല്‍ തുറക്കുന്നതിനുമുമ്പ് നടക്കാറുള്ള ശുചീകരണപ്രവൃത്തികള്‍ ഇത്തവണ ശരിയായി നടക്കാത്തതും സുഗമമായി വെള്ളം ഒഴുക്കിവിടുന്നതിന് തടസ്സമായി നില്‍ക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിയിലാണ് എല്ലാവര്‍ഷവും കനാല്‍ശുചീകരണം നടത്താറുള്ളത്. ആവര്‍ത്തനസ്വഭാവമുള്ള ജോലികള്‍ അനുവദിക്കാത്തതില്‍ തൊഴിലുറപ്പ് തൊഴിലാളികളെ ഇത്തവണ ജോലിക്ക് നിയോഗിക്കാന്‍ കഴിയാത്ത സ്ഥിതിയാണ്.

അതേസമയം, സപ്പോര്‍ട്ട് ഡാം നിര്‍മിക്കുന്നതിന്റെ ഭാഗമായി നാലുപഞ്ചായത്തുകളില്‍ തടസ്സപ്പെട്ട ജലഅതോറിറ്റിയുടെ കുടിവെള്ളവിതരണം പുനരാരംഭിക്കാന്‍ പത്തുദിവസത്തിനിപ്പുറവും ബദല്‍സംവിധാനമായില്ല. ചക്കിട്ടപാറ, കൂത്താളി, പേരാമ്പ്ര, ചങ്ങരോത്ത് പഞ്ചായത്തുകളിലാണ് ജലവിതരണം ഭാഗികമായി മുടങ്ങിയത്. ജനുവരി പതിനാല് മുതലാണ് കുടിവെള്ളവിതരണം മുടങ്ങിയത്. 10 ദിവസത്തേക്ക് ജലവിതരണം മുടങ്ങുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇനിയും ബദല്‍സംവിധാനമായിട്ടില്ല.