കാത്തിരിപ്പിന് വിരാമം; മാനാഞ്ചിറ സ്‌ക്വയറില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ച് കോര്‍പ്പറേഷന്‍


കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങള്‍ അയഞ്ഞിട്ടും തുറക്കാതിരുന്ന മാനാഞ്ചിറ സ്‌ക്വയര്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി. സന്ദര്‍ശകരുടെ നിരന്തരമായ അഭ്യര്‍ത്ഥനയ്‌ക്കൊടുവിലാണ് സ്‌ക്വയറില്‍ പ്രവേശനം അനുവദിക്കാന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചത്. അറ്റകുറ്റപ്പണി വൈകിയതിനാലാണ് സ്‌ക്വയറില്‍ ഇതുവരെ പ്രവേശനം അനുവദിക്കാതിരുന്നതെന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം.

ശനിയാഴ്ച വൈകുന്നേരം മാനാഞ്ചിറ സ്‌ക്വയര്‍ തുറന്നപ്പോള്‍ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. അവധി ദിവസമായതിനാല്‍ ഞായറാഴ്ച തിരക്കേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്‌ക്വയറിനോട് ചേര്‍ന്നുള്ള അന്‍സാരി പാര്‍ക്കിലെ കുട്ടികളുടെ ലിറ്റററി പാര്‍ക്കും ശനിയാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിരുന്നു. ബി.ഇ.എം സ്‌കൂളിന് സമീപത്ത് പണിത ശുചിമുറി സമുച്ചയത്തിന്റെ നടത്തിപ്പ് കുടുംബശ്രീയെ ഏല്‍പ്പിച്ചിട്ടുണ്ട്.

വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള കോഴിക്കോട് കടപ്പുറവും സരോവരം ബയോ പാര്‍ക്കുമെലലാം നേരത്തെ തുറന്നിരുന്നു. എന്നിട്ടും മാനാഞ്ചിറ സ്‌ക്വയര്‍ മാത്രം തുറക്കാത്തത് പരാതികള്‍ക്ക് ഇടയാക്കിയിരുന്നു. സ്‌ക്വയറില്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പണിത ഓപണ്‍ ജിംനേഷ്യത്തില്‍ മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.

2020 ഒക്ടോബറില്‍ നവീകരണം കഴിഞ്ഞ് തുറന്ന മാനാഞ്ചിറ കോവിഡ് രൂക്ഷമായതോടെ ഡിസംബറിലാണ് അടച്ചിട്ടത്.