സന്തോഷ വാർത്ത; ബേപ്പൂരിൽ നിന്നും മീൻപിടുത്തത്തിന് പോയി കാണാതായ ബോട്ട് കണ്ടെത്തി, എല്ലാവരും സുരക്ഷിതർ


കോഴിക്കോട്: ബേപ്പൂരിൽ നിന്നും മീൻ പിടിത്തത്തിന് പോയി കാണാതായ അജ്മീർഷാ എന്ന ബോട്ട് കണ്ടെത്തിയതായാണ് വിവരം. ന്യൂ മംഗളൂരുവിന് സമീപം കരപറ്റാനാകാതെ ബോട്ട് നങ്കൂരമിട്ടിരിക്കയാണ്.
എല്ലാവരും സുരക്ഷിതരാണെന്നും
കാലാവസ്ഥ അനുകൂലമായാൽ കരയിലേക്ക് തിരുക്കും എന്ന്
സംസ്ഥാന തീരദേശ പോലീസ് മേധാവി ഐ.ജി പി.വിജയൻ അറിയിച്ചതായി ബേപ്പൂർ എം.എൽ.എ പി.എ.മുഹമ്മദ് റിയാസ് അറിയിച്ചു.

ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട സംസ്ഥാന ദുരന്തനിവാരണ വിഭാഗം മേധാവി ശേഖർ കുര്യാക്കോസ്, തീരദേശ പോലീസ് മേധാവി ഐ ജി പി വിജയൻ, കോസ്റ്റ്ഗാർഡ് ഐജി ശ്രീജെന എന്നിവർക്ക് അദ്ദേഹം നന്ദി അറിയിച്ചു. മെയ് അഞ്ചാം തീയതി കടലില്‍ പോയ ബോട്ടില്‍ പതിനഞ്ച് പേരാണുള്ളത്. ഒരു മാസത്തിന് ശേഷം തിരികെയെത്താനാണ് ലക്ഷ്യമിട്ടിരുന്നത്.

ഇവര്‍ക്കൊപ്പമുണ്ടായ ബോട്ടുകള്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പല തീരങ്ങളില്‍ അടുപ്പിച്ചെങ്കിലും ഈ ബോട്ട് എവിടേയും അടുപ്പിച്ചിരുന്നില്ല. ബോട്ടിലുള്ളവരുമായി ബന്ധപ്പെടാനും സാധിച്ചിരുന്നില്ല. ഇത് ഏവരിലും ആശങ്കയുയർത്തിയിരുന്നു. കെ.പി ഷംസു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ബോട്ട്.