സന്തോഷ വാർത്ത; കോരപ്പുഴ പാലം ഫെബ്രുവരി 17 ന് ഉദ്‌ഘാടനം ചെയ്യും
കൊയിലാണ്ടി: കോരപ്പുഴ പാലം ഫെബ്രുവരി 17 ബുധനാഴ്ച വൈകീട്ട് 5 മണിക്ക് ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പു മന്ത്രി ജി.സുധാകരനാണ് ഉദ്‌ഘാടനം നിർവ്വഹിക്കുന്നത്. മന്ത്രി എ.കെ.ശശീന്ദ്രൻ അധ്യക്ഷത വഹിക്കും. കെ ദാസൻ എംഎൽഎ, മറ്റ് ജനപ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
പാലത്തിന്റെ ഉപരിതല ടാറിംങ്ങിന് പൂർത്തീകരണ ഘട്ടത്തിലാണ്. സര്‍വ്വീസ് റോഡ്, ഒന്നരമീറ്റര്‍ വീതിയില്‍ റോഡിന്റെ ഇരു വശങ്ങളിലുമായി നിര്‍മ്മിക്കുന്ന നടപ്പാതകൾ, കോരപ്പുഴ അങ്ങാടിയില്‍ നിന്ന് 150 മീറ്ററും, എലത്തൂര്‍ ഭാഗത്തു നിന്ന് 180 മീറ്ററും നീളത്തില്‍ സർവ്വീസ് റോഡ് എന്നിവയുടെ നിർമ്മാണം പൂർത്തിയായി.
കരയിലും പുഴയിലുമായി എട്ട് തൂണുകളിലാണ് പാലം പണിതിട്ടുള്ളത്. കിഫ്ബിയില്‍ നിന്നുള്ള 28 കോടി ചെലവിട്ട നിര്‍മ്മിക്കുന്ന പാലത്തിന്റെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്കാണ്.
2018 ഡിസംബർ 18 നാണ് കോരപ്പുഴ പാലം പൊളിച്ചുതുടങ്ങിയത്. 2019 ജനുവരിയിൽ പുതിയ പാലത്തിന്റെ നിർമ്മാണം ആരംഭിച്ചു. 21 മാസത്തിനകം നിർമ്മാണം പൂർത്തിയാക്കാനായിരുന്നു തീരുമാനം. വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പാലം നിർമ്മാണം നടത്തിയത്. പാലത്തിന്റെ ആർച്ചിന്റെ കോൺക്രീറ്റിന് മെക് അലോയ് ലോഹമാണ് ഉപയോഗിച്ചത്. പഴയ പാലത്തിന്റെ പ്രൗഡി ഒട്ടും ചോരാതെയാണ് പുതിയ പാലം പണിതത്.