സഞ്ചാരികളുടെ ഹൃദയം കവരുന്ന ഹൃദയതടാകം; സാഹസികതയ്ക്കൊപ്പം മനോഹാരിതയും ഒത്തുചേരുന്ന അപൂര്‍വ്വ സ്ഥലമായ ചെമ്പ്ര പീക്കിന്റെ വിശേഷങ്ങള്‍


പ്രകൃതിയുടെ മുഴുവനും സൗന്ദര്യവും ആസ്വദിക്കുവാന്‍ പറ്റിയ ഇടമാണ് വയനാട്. കാടും കാട്ടാറും ട്രെക്കിങ് പോയിന്റുകളുമൊക്കെയായി ഒരുപാട് കാഴ്ചകളുമായാണ് വയനാട് സഞ്ചാരികളെ സ്വീകരിക്കുന്നത്. അത്തരമൊരിടമാണ് വയനാട്ടിലെ ചെമ്പ്ര കൊടുമുടി.

സമുദ്രനിരപ്പില്‍ നിന്നും 2100 അടി ഉയരത്തിലാണ് ചെമ്പ്ര കൊടുമുടി. വയനാട് ജില്ലയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയെന്നും ഇതറിയപ്പെടുന്നു. ചാലിയാറിന്റെയും കബനിയുടെയും വൃഷ്ടി പ്രദേശമായ ചെമ്പ്ര പ്രകൃതി സ്‌നേഹികളുടെയും സാഹസിക മലകയറ്റക്കാരുടെയും ഇഷ്ട പ്രദേശമാണ്. ആദ്യ കാഴ്ചയില്‍ തന്നെ ആരെയും മോഹിപ്പിക്കുന്ന പ്രകൃതി സൗന്ദര്യമാണ് ചെമ്പ്ര പീക്കിന്.

കൊടുമുടിയുടെ രൂപത്തിലല്ല, ഹൃദയത്തിന്റെ ആകൃതിയിലുള്ള തടാകത്തിലൂടെയാണ് ചെമ്പ്ര എല്ലാവരുടെയും മനസ്സില്‍ നിറയുന്നത്.ചെമ്പ്ര പീക്കിലെ പ്രധാന കാഴ്ച ഹൃദയാകൃതിയിലുള്ള തടാകമാണ്. ഈ തടാകം നയനമനോഹരമായ ഒരു കാഴ്ചയാണ്. ഇവിടെ ധാരാളം നീലക്കുറിഞ്ഞി ചെടികളും ഉണ്ട്. കൊടുമുടിയിലേക്കുള്ള പാതയുടെ മധ്യത്തിലായി ഈ തടാകം കാണാം. ഹൃദയ സരസ് എന്നും ഇതറിയപ്പെടുന്നു.

വിനോദസഞ്ചാരികള്‍ക്ക് ഇവിടം സന്ദര്‍ശിക്കുവാനുള്ള സൗകര്യം വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. വനസംരക്ഷണ സമിതി അധികാരപ്പെടുത്തിയിരിക്കുന്ന വഴികാട്ടികള്‍ക്കൊപ്പം മാത്രമേ മലകയറ്റം അനുവദിക്കുകയുള്ളു. ചെമ്പ്ര കൊടുമുടി വരെ ട്രക്കിംഗ് ചെയ്യണമെങ്കില്‍ മേപ്പാടി ഫോറസ്റ്റ് ഓഫീസില്‍നിന്നും അനുമതി വാങ്ങേണ്ടതാണ്.

മേപ്പാടി നഗരത്തില്‍ സ്ഥിതിചെയ്യുന്ന ചെമ്പ്ര, കല്‍പറ്റയില്‍നിന്നും 8 കിലോമീറ്റര്‍ (5 മൈല്‍) അകലെയാണ്. പശ്ചിമഘട്ട മേഖലയില്‍പ്പെട്ട വയനാടന്‍ കുന്നുകളും തമിഴ്‌നാടിലെ നീലഗിരി കുന്നുകളും, കോഴിക്കോട് ജില്ലയിലെ വെള്ളരിമലയും ചേരുന്ന ഭാഗമാണ് ഇത്. മേപ്പാടിയില്‍നിന്നും ചെമ്പ്ര കൊടുമുടിയിലേക്ക് നടപ്പാതയുണ്ട്. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ടൂറിസ്റ്റുകള്‍ക്ക് ഗൈഡുകളും ട്രക്കിംഗ് ഉപകരണങ്ങളും വാടകയ്ക്ക് ലഭിക്കും.

എങ്ങനെ എത്തിച്ചേരാം

വയനാട്ടിലെ ലക്കിടി കഴിഞ്ഞ് ദേശീയപാത 212ലൂടെ 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചുണ്ടേല്‍ ടൗണെത്തും. ഇവിടെ നിന്ന് വലത്തേക്ക് തിരിഞ്ഞ് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മേപ്പാടിയെത്തും. ഇവിടെ നിന്ന് വലത്തേക്ക് കിടക്കുന്ന റോഡിലേക്ക് പ്രവേശിക്കുക. നാലു കിലോമീറ്റര്‍ വീണ്ടും സഞ്ചരിച്ചാല്‍ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടര്‍ കാണാം. ട്രെക്കിങ്ങിനുള്ള പാസുകള്‍ ഇവിടെ നിന്ന് വാങ്ങാം.

ട്രെക്കിങ്ങിന് രണ്ട് ഓപ്ഷനുകളുണ്ട്. ഒന്നുകില്‍ വാച്ച് ടവര്‍ വരെയുള്ള ട്രെക്കിംഗ് തെരഞ്ഞെടുക്കാം. ഇതിന് 20 രൂപയാണ് ടിക്കറ്റ്. അതല്ലെങ്കില്‍ ഹൃദയസരസും കടന്ന് മുകളിലേക്കുള്ളത് നോക്കാം. പത്തുപേര്‍ അടങ്ങുന്ന സംഘത്തിന് 750 രൂപയാണ് നിരക്ക്. ഒറ്റയ്ക്കാണ് വരുന്നതെങ്കില്‍ ഏതെങ്കിലും ഒരു സംഘത്തോടൊപ്പം ചേര്‍ന്ന് ട്രെക്കിംഗ് നടത്താം.