സഞ്ചാരികള്‍ കാത്തിരിക്കുന്നു കരിയാത്തുംപാറയിലെ കാറ്റിനായി; രണ്ട് മാസമായി അടഞ്ഞുകിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രം തുറക്കണമെന്നാവശ്യം ശക്തം


കൂരാച്ചുണ്ട്: സഞ്ചാരികളുടെ പറുദീസയായി മാറിയ കരിയാത്തുംപാറ വിനോദ സഞ്ചാര കേന്ദ്രം അടഞ്ഞിട്ട് രണ്ട് മാസം പിന്നിട്ടിട്ടും തുറക്കാന്‍ നടപടിയായില്ല. കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കരിയാത്തുംപാറ പാറക്കടവ് മേഖല തുറന്നെങ്കിലും അപകട മരണം സംഭവിച്ചതോടെ ജില്ലാ ഭരണകൂടം ഇടപെട്ട് അടയ്ക്കുകയായിരുന്നു. പാറക്കടവ് മേഖലയിലെ പുഴയില്‍ കുളിക്കാന്‍ ഇറങ്ങുന്നവര്‍ക്ക് സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താത്തതായിരുന്നു പ്രധാന പ്രശ്‌നം. ഈ പ്രദേശത്തെ ജലാശയം, പുഴ, പ്രകൃതി സൗന്ദര്യം എന്നിവയാണു സഞ്ചാരികളുടെ പ്രധാന ആകര്‍ഷണം.

അപകടത്തെ തുടര്‍ന്ന് ജില്ലാതല ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റിയില്‍ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്താനും തോണിക്കടവ്, കരിയാത്തുംപാറ, പാറക്കടവ് മേഖല സന്ദര്‍ശിക്കുന്നവര്‍ക്ക് ടിക്കറ്റ് ഏര്‍പ്പെടുത്തുന്നതിനും തീരുമാനം ഉണ്ടായെങ്കിലും നടപ്പിലായിട്ടില്ല. കക്കയം, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന നൂറുകണക്കിനു സഞ്ചാരികളാണു കരിയാത്തുംപാറയുടെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ കഴിയാതെ മടങ്ങുന്നത്. ഇതിനു പുറമേ സര്‍ക്കാരിനു വരുമാന നഷ്ടവും സംഭവിക്കുന്നുണ്ട്.

വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട റിസര്‍വോയറിന്റെ പാറക്കടവ് ഭാഗത്ത് എത്തിയാല്‍ ആര്‍ക്കും ഒന്ന് കുളിച്ചു കയറാന്‍ തോന്നും. അത്രയ്ക്ക് മനോഹരമാണ് ഇവിടം. അതുപോലെ അപകടകാരിയും. പാറക്കടവ് ഭാഗത്ത് കുളിക്കാനിറങ്ങിയ സഞ്ചാരികളാണ് ഏറെയും മുങ്ങി മരിച്ചത്. ഒക്ടോബര്‍ 18ന് തലശ്ശേരി പാനൂര്‍ സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിയാണ് അവസാനമായി മുങ്ങിമരിച്ചത്. മൂന്നുവര്‍ഷത്തിനിടെ വിദ്യാര്‍ഥികളടക്കം 13 പേര്‍ക്കാണ് പാറക്കടവ് ഭാഗത്ത് ജീവന്‍ നഷ്ടപ്പെട്ടത്. വിദ്യാര്‍ത്ഥിയുടെ മരണത്തോടെയാണ് കരിയാത്തുംപാറയിലേക്ക് വിനോദസഞ്ചാരികളെ കടത്തിവിടുന്നത് താത്ക്കാലികമായി നിരോധിച്ചത്.

ടൂറിസ്റ്റ് കേന്ദ്രം അടച്ചതോടെ സമീപത്തുള്ള ഒട്ടേറെ വ്യാപാരികളും മാസങ്ങളായി കച്ചവടമില്ലാതെ പട്ടിണിയിലാണ്. ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ തുറന്നു കൊടുത്തു മാസങ്ങള്‍ കഴിഞ്ഞിട്ടും കരിയാത്തുംപാറ തുറക്കാത്തതില്‍ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്.സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പു വരുത്തിയ ശേഷം തുറന്നു കൊടുക്കാന്‍ അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കൂരാച്ചുണ്ട് യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.

കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രം തുറക്കാന്‍ നടപടിയെടുക്കണമെന്ന് എംഎല്‍എ, ജില്ലാ കലക്ടര്‍ എന്നിവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പറഞ്ഞു. ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി യോഗം ചേര്‍ന്ന് സുരക്ഷാ സംവിധാനം ഒരുക്കിയ ശേഷം ടൂറിസ്റ്റ് കേന്ദ്രം തുറന്നു കൊടുക്കുമെന്ന് ജലസേചന വകുപ്പ് അധികൃതര്‍ അറിയിച്ചു.