‘സജ്ജ’മാണ് മേപ്പയൂര്‍; മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി പഞ്ചായത്ത്


മേപ്പയ്യൂര്‍: പഞ്ചായത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യമൊരുക്കി മേപ്പയ്യൂര്‍ പഞ്ചായത്ത് മാതൃകയായി. സജ്ജം പദ്ധതിയുടെ ഭാഗമായാണ് പഞ്ചായത്തിലെ 16 വിദ്യാലയങ്ങളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം സാധ്യമാക്കിയത്. പദ്ധതിയുടെ ഉദ്ഘാടനവും, 17 വാര്‍ഡുകളിലും പൊതു വൈഫൈ സംവിധാനം ഏര്‍പ്പെടുത്തുന്നതിന്റെ പ്രഖ്യാപനവും ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ.നിര്‍വ്വഹിച്ചു.

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. നോഡല്‍ ഓഫിസര്‍ വി.പി.സതീശന്‍ റിപ്പാര്‍ട്ട് അവതരിപ്പിച്ചു. ആരോ ഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ സ്വാഗതവും, പി.ഇ.സി ജോ. കണ്‍വീനര്‍ ഇ.എം.രാമദാസ് നന്ദിയും പറഞ്ഞു. ത്രിതല പഞ്ചായത്ത് ഭരണസമതി അംഗങ്ങളായ പി.പ്രസന്ന, എന്‍.പി.ശോഭ, സി.എം.ബാബു, വി.സുനില്‍, വി.പി.രമ, ശ്രീ നിലയം വിജയന്‍ ,പഞ്ചായത്ത് സെക്രട്ടരി രാജേഷ് അരിയില്‍, ബി.പി.സി.അനുരാജ് വി, ഹെഡ്മാസ്റ്റര്‍ പ്രതിനിധി എം.കെ.കുഞ്ഞമ്മത് എന്നിവര്‍ പ്രസംഗിച്ചു.

മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ വിവിധ വിദ്യാലയങ്ങളിലായി പഠനം നടത്തുന്ന 7,138 വിദ്യാര്‍ത്ഥികളില്‍ മതിയായ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പഠന സൗകര്യമുറപ്പിക്കുകയാണ് ‘സജ്ജം’ പദ്ധതിയിലൂടെ ഗ്രാമ പഞ്ചായത്ത്. അംഗന്‍വാടി മുതല്‍ പ്ലസ്ടു തലം വരെയുള്ള വിദ്യാര്‍ത്ഥികളില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്തവരെ സര്‍വ്വേയിലൂടെ കണ്ടെത്തി സന്നദ്ധ സംഘടനകള്‍, ഗവ.ഏജന്‍സികള്‍, ബാങ്കുകള്‍, മറ്റു സ്ഥാപനങ്ങള്‍, പി.ടി.എ എന്നിവയുടേയും അദ്ധ്യാപകര്‍, അഭ്യുദയകാംക്ഷികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടേയും സഹായത്തോട് കൂടി ധന സമാഹരണം നടത്തിയാണ് പദ്ധതി നടപ്പിലാക്കിയത്.