“സജീഷേട്ടാ നമുക്കിനി കാണാൻ പറ്റുമെന്ന് തോന്നുന്നില്ല, മോനെ നന്നായി നോക്കണം” പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും അവളുടെ യാത്ര മരണത്തിലേക്കായിരുന്നു: വീണ്ടും നിപ ആശങ്കയുയർത്തുമ്പോൾ പ്രാർത്ഥനയോടെ നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ്


‘ സജീഷേട്ടാ അയാം ഓള്‍മോസ്റ്റ് ഓണ്‍ ദ വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല… നമ്മുടെ മക്കളെ നന്നായി നോക്കണേ. ലവന്‍ കുഞ്ഞ്, അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. വിത്ത് ലോട്‌സ് ഓഫ് ലവ്, ഉമ്മ..’ നിപ ബാധിച്ച് മരണത്തെ മുന്നില്‍കണ്ട് കിടക്കവെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കുറിപ്പാണിത്. പേടിപ്പെടുത്തിയ ആ ദിവസങ്ങള്‍, അതാണ് ഇപ്പോള്‍ മനസുനിറയെ എന്നാണ് സജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്.

കോഴിക്കോട് ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചെന്ന വാര്‍ത്ത കേട്ടപ്പോള്‍ ആദ്യമൊരു ഞെട്ടലായിരുന്നു. മുന്‍പരിചയമുള്ളതുകൊണ്ടുതന്നെ കേരളത്തിന്റെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആ കുഞ്ഞിനെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയായിരുന്നു. പക്ഷേ, മരണവാര്‍ത്ത കേട്ടപ്പോള്‍ വല്ലാത്ത വിഷമം തോന്നി. ആ കുടുംബത്തിന്റെ വേദന മറ്റാരെക്കാളും തനിക്ക് മനസിലാക്കാന്‍ കഴിയുമെന്നും സജീഷ് പറഞ്ഞു.

രണ്ട് ആണ്‍കുട്ടികള്‍ക്കൊപ്പം പേരാമ്പ്ര ചെമ്പനോടയിലെ ലിനിയുടെ വീട്ടിലാണ് സജീഷ് ഇപ്പോള്‍ കഴിയുന്നത്. മൂത്ത മകന്‍ മൂന്നാം ക്ലാസിലാണ്. അമ്മയുടെ ജീവനെടുത്ത നിപയെക്കുറിച്ച് അവന് എല്ലാം അറിയാം. ‘കഴിഞ്ഞദിവസം അവന്‍ ചോദിക്കുകയാണ് ‘അച്ഛാ കൊറോണയ്‌ക്കൊപ്പം നിപ കൂടി വന്നല്ലോ, നമ്മളെന്താ ചെയ്യാ’ എന്ന്. കുട്ടികളെ സംബന്ധിച്ച് നിപയെന്നു കേള്‍ക്കുമ്പോള്‍ തന്നെ വല്ലാത്തൊരു ഭയമാണ്.’ സജീഷ് പറഞ്ഞു.

ഇളയമകന്‍ ഇപ്പോള്‍ യു.കെ.ജിയിലാണ്. ലിനി മരിക്കുമ്പോള്‍ കുഞ്ഞായിരുന്ന അവനെ ഒന്നും തന്നെ അറിയില്ലായിരുന്നു. ‘അമ്മയുടെ ഫോട്ടോ കാണിച്ച് അവന്‍ ചോദിക്കാറുണ്ടായിരുന്നു, അമ്മയെങ്ങനെയാ പോയതെന്ന്. നിപയാണ് ലിനിയെ കൊണ്ടുപോയതെന്ന് ഇപ്പോള്‍ അവനും അറിയാം.’

ലിനിയെ നഷ്ടപ്പെട്ടശേഷം ഏറെക്കാലം വല്ലാത്ത മാനസികാവസ്ഥയിലൂടെയായിരുന്നു തന്റെ കുടുംബം കടന്നുപോയതെന്നും സജീഷ് പറയുന്നു. ആരോഗ്യരംഗത്തെയും പൊതുസമൂഹത്തിന്റെയും സര്‍ക്കാറിന്റെയും സാന്ത്വനമാണ് തണലായത്. തങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നല്‍ മക്കളില്‍ ഉണ്ടാക്കാന്‍ ആരോഗ്യവകുപ്പിന്റെ ഇടപെടലിന് സാധിച്ചിട്ടുണ്ട്. ശൈലജ ടീച്ചറെയൊക്കെ വലിയ കാര്യമാണ് മക്കള്‍ക്ക്. ഇപ്പോഴും ഇടയ്ക്കിടെ തങ്ങളെ വിളിച്ച് കുടുംബാംഗം എന്ന പോലെ അവര്‍ വിശേഷങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും സജീഷ് പറഞ്ഞു.

കൂത്താളി ഹെല്‍ത്ത് സെന്ററില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണ് സജീഷിപ്പോള്‍.

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ജോലി ചെയ്യവെയാണ് ചെമ്പനോട കുറത്തിപ്പാറയിലെ പുതുശ്ശേരി ലിനിയ്ക്ക് നിപ രോഗബാധയുണ്ടാകുകയും മരണപ്പെടുകയും ചെയ്തത്. നിപ ബാധിച്ച് മരിച്ച സൂപ്പിക്കടയിലെ മുഹമ്മദ് സാബിത്ത് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയപ്പോള്‍ ലിനിയായിരുന്നു പരിചരിച്ചത്. സാബിത്തില്‍ നിന്നാണ് ലിനിയ്ക്ക് രോഗം പകര്‍ന്നത്.

പനി അധികമായതോടെ ലിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിദേശത്തായിരുന്ന സജീഷ് രോഗവിവരം അറിഞ്ഞ് നാട്ടിലെത്തി ആശുപത്രിയില്‍ എത്തി ലിനിയെ കണ്ടെങ്കിലും അധികം വൈകാതെ ലിനി മരണത്തിനു കീഴടങ്ങുകയായിരുന്നു.

2018 മെയില്‍ കേരളത്തില്‍ ആദ്യമായി നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ ലിനിയടക്കം 17 പേരാണ് മരണപ്പെട്ടത്.