“സംസ്ഥാന ഭാരവാഹിയായി ഇരുന്ന് കൊണ്ട് കെ-റെയിൽ പദ്ധതിക്കെതിരെ നിൽക്കുന്നതിൽ ഔചിത്യക്കുറവുണ്ട്”; കെ.ശങ്കരൻ എൽ.ജെ.ഡി സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം രാജിവെച്ചു


കൊയിലാണ്ടി: എൽ.ജെ.ഡി കേരള സംസ്ഥാന ഉപാധ്യക്ഷ സ്ഥാനം കെ.ശങ്കരൻ രാജി വെച്ചു. കെ റെയിൽ പോലുള്ള പദ്ധതികളെ അംഗീകരിക്കാനാവാത്തതിനാലാണ് രാജി. വികസനങ്ങൾ നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ സംബന്ധിച്ച പാർട്ടി ചർച്ച ചെയ്തു നിലപാടെടുക്കണം എന്ന ആവശ്യത്തെ തുടർന്നാണ് ഈ തീരുമാനം.

ചേമഞ്ചേരി സ്വദേശി കെ.ശങ്കരൻ പേരാമ്പ്ര ന്യൂസിനോട് സംസാരിക്കുന്നു:

“വികസനങ്ങളും അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെയും സംബന്ധിച്ച് ഞാൻ ഒരു പ്രമേയം അവതരിപ്പിക്കുന്നുണ്ട്. സംസ്ഥാന ഭാരവാഹിയായിരുന്നു കൊണ്ട് ഭരണ കക്ഷിയായ ഇടതുപക്ഷ സർക്കാർ എടുക്കുന്ന തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കുന്നതിലെ ഔചിത്യ കുറവാണു രാജിക്ക് കാരണം. പാർട്ടിയുമായി എനിക്ക് അഭിപ്രായ ഭിന്നതകളോ പ്രശ്നങ്ങളോ ഇല്ല. തികച്ചും നയപരമായ വിഷയമാണ്.

കെ റെയിൽ ഉണ്ടാക്കാൻ പോകുന്ന പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ കണക്കിലെടുക്കണമെന്നാണെന്റെ ആവശ്യം. പാർട്ടിയുടെ ജനപക്ഷ വികസനം ജനങ്ങൾക്ക് നേട്ടമാണോ കോട്ടമാണോ സൃഷ്ടിക്കുന്നത് എന്ന കാര്യത്തിൽ പുനർവിചിന്തനം വേണം. കെ റെയിൽ പോലൊരു പദ്ധതി വന്നാൽ കൂടുതൽ ജനങ്ങൾക്കും ദോഷകരമായിരിക്കും അത് ബാധിക്കുന്നത്. പാർട്ടി ഒറ്റകെട്ടായി ഈ കാര്യത്തിൽ തീരുമാനമെടുക്കണം.”

എൽ.ജെ.ഡി സംസ്ഥാന പ്രസിഡൻറ് എം വി.ശ്രേയാംസ്കുമാർ എം പി രാജി സ്വീകരിച്ചതായി കെ ശങ്കരൻ പറഞ്ഞു. മുൻ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡന്റായും കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പൊതു രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഇദ്ദേഹം ത്രികാട്ടുർ ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ് ആണ്.