സംസ്ഥാന നാടകോത്സവത്തില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട രാജീവന്‍ മമ്മിളിയെ ആദരിച്ച് കല്ലോടിലെ ‘നാട്ടുകാര്‍ കൂട്ടുകാര്‍’ വാട്‌സ്ആപ് കൂട്ടായ്മ


പേരാമ്പ്ര: പത്തനാപുരം ഗാന്ധി ഭവനും കേരള സാംസ്‌കാരിക വകുപ്പും സംയുക്തമായി നടത്തിയ സംസ്ഥാന നാടകോത്സവത്തില്‍ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ട രാജീവന്‍ മമ്മിളിയെ ആദരിച്ചു. കല്ലോടിലെ ‘നാട്ടുകാര്‍ കൂട്ടുകാര്‍’ എന്ന വാട്‌സ്ആപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ആദരിക്കല്‍ ചടങ്ങ് നടന്നത്.

മലയാള നാടക സംവിധായകനും നടനുമാണ് രാജീവന്‍ മമ്മിളി. കോഴിക്കോട്ടെ അമച്വര്‍ നാടകങ്ങളിലൂടെയാണ് നാടകരംഗത്ത് എത്തുന്നത്. വര്‍ഷങ്ങളായുള്ള നാടക ജീവിതത്തിനിടയില്‍ നിരവധി പുരസ്‌ക്കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. കേരള സംഗീതനാടക അക്കാദമിയുടെ 2009-ലെ പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച സംവിധായകനായി അദ്ദേഹം തിരഞ്ഞെടുക്കെപ്പട്ടു. കൂടാതെ അക്കാദമിയുടെ 2010ലെ മികച്ച നാടകത്തിന്റെ സംവിധായകനുള്ള പുരസ്‌കാരവും അദ്ദേഹം സ്വന്തമാക്കി.

രാജീവന്‍ മമ്മിളിയുടെ വസതിയില്‍ വെച്ച് നടന്ന പരിപാടിയില്‍ മുഹമ്മദ് പേരാമ്പ്ര അദ്ദേഹത്തിന് ഉപഹാരം കൈമാറി. പി.കെ.രാഘവന്‍ മാസ്റ്റര്‍ പൊന്നാട അണിയിച്ചു. അഷ്റഫ് കല്ലോട്, മനേഷ് മഠത്തില്‍, രജീഷ് കിഴക്കയില്‍, കൃഷ്ണദാസ്.യു.കെ, ബേബി സുനില്‍ എന്നിവര്‍ പങ്കെടുത്തു.