സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ തിളങ്ങി പേരാമ്പ്ര സ്വദേശികളുടെ ഹ്രസ്വചിത്രം; ഏഴ് പുരസ്‌കാരങ്ങളുമായി നടുവണ്ണൂർ സ്വദേശി അര്‍ജുന്‍ സാരംഗിയുടെ ‘കള്ളന്‍ മറുത’
പേരാമ്പ്ര: സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡില്‍ ബംമ്പര്‍ സമ്മാനവുമായി പേരാമ്പ്ര സ്വദേശികളുടെ ഹ്രസ്വചിത്രം കള്ളന്‍ മറുത. ഏഴ് പുരസ്‌കാരങ്ങളാണ് ഈ ഷോര്‍ട്ട് ഫിലീം സ്വന്തമാക്കിയിരിക്കുന്നത്. മികച്ച ഹ്രസ്വചിത്രം, സംവിധായകന്‍, തിരക്കഥാകൃത്ത്, കഥ, നിര്‍മാണം, ക്യാമറ, ഡബ്ബിങ് എന്നീ അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
നടുവണ്ണൂർ സ്വദേശി അര്‍ജുന്‍ സാരംഗിയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നത്. കള്ളന്‍ മറുത സംവിധാനം ചെയ്തിരിക്കുന്നത് കെ.സി രജിലാണ്. ശരണ്‍ ശശിധരന്‍ ക്യാമറയും, അരുണ്‍ ഡബ്ബിംഗും നിര്‍വഹിച്ചിരിക്കുന്നു. ഒരു മുത്തശ്ശിക്കഥയിലൂടെ ഒരു കുട്ടി സൃഷ്ടിക്കുന്ന കഥാ പ്രപഞ്ചമാണ് കള്ളന്‍ മറുത. തിറയാട്ടത്തിന് ശേഷം വീട്ടിലേക്ക് പോകുകയായിരുന്ന ദാസന്‍ പെരുവണ്ണാനും സഹായിയും കാടിനെ വിറപ്പിക്കുന്ന കള്ളന്‍ മറുതയും ഉണ്ടാക്കുന്ന ഉദ്വഗജനകമായ കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ഇന്ന് സമൂഹത്തില്‍ കുട്ടികള്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. പെണ്‍കുട്ടിയുടെ അച്ഛനായ തെയ്യം
കലാകാരനെ ദൈവിക ശക്തിയുള്ള ഒരു ആളായും, സഹായിയായ മറുതയെ ഒരു കള്ളനായും ആണ് ചിത്രീകരിച്ചിരിക്കുന്നത്. കുട്ടിയുടെ സ്വപ്‌നത്തിലൂടെയാണ് കഥ നീങ്ങുന്നത്. കുട്ടിയും മറുതയും തമ്മിലൊരു സംഘട്ടനവും കഥ പറയാതെ പറയുന്നുണ്. പക്ഷേ എന്താണെന്ന് വ്യക്തമാക്കുന്നില്ലെന്ന് മാത്രം.
തെയ്യം എന്ന അനുഷ്ഠാനകലയെ വൃതാനുഷ്ഠാനത്തിലൂടെ കൃത്യമായി പഠിച്ചുകൊണ്ടാണ് ഹ്രസ്വചിത്രം നിര്‍മിച്ചിരിക്കുന്നത്. തെയ്യം കലാകാരനായി ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നതും അര്‍ജുന്‍ സാരംഗിയാണ്. പന്നിക്കോട്ടൂരും പെരുവണ്ണാമൂഴി ഡാം സൈറ്റിലും വെച്ചുകൊണ്ടാണ് ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരിക്കുന്നത്.