സംസ്ഥാന ചരിത്രത്തിലെ ആദ്യ കെഎഎസ് റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു; ആദ്യ റാങ്കുകളില്‍ ഇടം പിടിച്ച് വനിതകള്‍


തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലെ ആദ്യ കെഎഎസ് റാങ്ക് പട്ടിക പി.എസ്.സി പ്രസിദ്ധീകരിച്ചു. പിഎസ്.സി ചെയർമാൻ എം.കെ.സക്കീർ ആണ് റാങ്ക് ജേതാക്കളുടെ പേരുകൾ പ്രഖ്യാപിച്ചു കൊണ്ട് പ്രഥമ കെഎഎസ് പട്ടിക പുറത്തുവിട്ടത്. ജനറൽ വിഭാഗം, സർക്കാർ ജീവനക്കാർ, ഗസ്റ്റഡ് ഓഫീസർമാർ എന്നിങ്ങനെ മൂന്ന് സ്ട്രീമുകളായിട്ടാണ് കെ.എ.എസ് പട്ടിക പ്രസിദ്ധീകരിച്ചത്. സ്ട്രീം ഒന്നിൻ്റെ മെയിൻ ലിസ്റ്റിൽ 122 പേർ ഇടം പിടിച്ചു.

സ്ട്രീം ഒന്നിൽ മാലിനി.എസ് ആദ്യറാങ്ക് നേടി, നന്ദന പിള്ളയ്ക്കാണ് രണ്ടാം റാങ്ക്, ഗോപിക ഉദയൻ മൂന്നാം റാങ്കും, ആതിര എസ്.വി നാലാം റാങ്കും, എം.ഗൗതമൻ അഞ്ചാം റാങ്കും നേടി. സർക്കാർ ഉദ്യോ​ഗസ്ഥർക്കായുള്ള സ്ട്രീം രണ്ടിൽ അഖിലാ ചാക്കോയാണ് ഒന്നാം റാങ്ക് നേടിയത്. രണ്ടാം റാങ്ക്- ജയകൃഷ്ണൻ കെ.ജി, മൂന്നാ റാങ്ക് – പാർവതി ചന്ദ്രൻ.എൽ, നാലാം റാങ്ക് – ലിബു എസ് ലോറൻസ്, അഞ്ചാം റാങ്ക് ജോഷ്വ ബെനറ്റ് ജോൺ എന്നിവ‍ർ നേടി. സ്ട്രീം മൂന്നിൽ ഒന്നാം റാങ്ക് നേടിയത് വി. അനൂപ് കുമാറാണ്. രണ്ടാം റാങ്ക് – അജീഷ് കെ, മൂന്നാം റാങ്ക് – പ്രമോദ് ജി.വി, നാലാം റാങ്ക് – ചിത്ര ലേഖ .കെ.കെ

മൂന്ന് കാറ്റ​ഗറികളിലായി ആകെ 105 പേർക്ക് നിയമനം കിട്ടും. ഇവ‍ർക്ക് നവംബർ ഒന്ന് കേരളപ്പിറവി ദിനത്തിൽ സർവീസിൽ പ്രവേശിക്കാം. അഞ്ച് ലക്ഷത്തിലേറെ പേരാണ് കെഎഎസ് പരീക്ഷയ്ക്ക് അപേക്ഷിച്ചത്. മൂന്നേകാൽ ലക്ഷം പേ‍ർ പരീക്ഷയെഴുത്തി. ഒന്നാം സ്ട്രീമിൽ 122 പേർ മെയിൻ ലിസ്റ്റിൽ വന്നു. സ്ട്രീം രണ്ട് മെയിൻ ലിസ്റ്റിൽ എഴുപത് പേരും, സ്ട്രീം മൂന്ന് മെയിൻ ലിസ്റ്റിൽ 69 പേരുമാണ് ഉള്ളത്.

ഐഎഎസിലേക്ക് എളുപ്പത്തിൽ എത്താം എന്നതാണ് കെഎഎസിൻ്റെ പ്രധാനസവിശേഷതയെന്ന് പി.എസ്.സി ചെയ‍ർമാൻ പറഞ്ഞു. കെഎഎസിൻ്റെ ആദ്യബാച്ചിൽ 35 പേരാണുള്ളത്. ഇവ‍ർക്ക് ദേശീയ മാനേജ്മെന്റിൽ 18 മാസത്തെ ട്രെയിനിംഗ് നൽകും. ഡെപ്യൂട്ടി കളക്ടർ, ജില്ലാ സപ്ലൈ ഓഫീസർ, തുടങ്ങിയ തസ്തികളിലാവും ആദ്യബാച്ചുകാ‍ർക്ക് തുടക്കത്തിൽ നിയമനം ലഭിക്കുക. ഒരു വര്‍ഷമാണ് റാങ്ക് ലിസ്റ്റിന്‍റെ കാലാവധി

സ്വപ്നതുല്യമായ സര്‍ക്കാര്‍ ജോലിയ്ക്കായി പരീക്ഷയെഴുതിയ മൂന്നേകാല്‍ ലക്ഷം ഉദ്യോഗാര്‍ഥികളില്‍ നിന്നാണ് 3208 പേരെ രണ്ടാം ഘട്ട പരീക്ഷയ്ക്കായി പിഎസ് സി തിരഞ്ഞെടുത്തത്. സ്ട്രീം 1 ല്‍ യോഗ്യത നേടിയത് 2160 ഉദ്യോഗാര്‍ഥികള്‍ മാത്രമായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കായി നീക്കി വച്ച സ്ട്രീം 2 ല്‍ നിന്ന് 1048 പേ‍‍ർ മാത്രമാണ് രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 77 ആയിരുന്നു സ്ട്രീം 1ലെ കട്ട് ഓഫ് മാര്‍ക്ക്. സ്ട്രീം 2ല്‍ കട്ട് ഓഫ് 60 ഉം.

സീനിയര്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ നല്‍കിയ കേസിന്‍റെ വിധി വരാൻ കാത്തിരുന്നതിനാൽ ഗസറ്റഡ് ഓഫിസര്‍മാര്‍ പരീക്ഷയെഴുതിയ സ്ട്രീം 3ന്‍റെ ഫലം പിഎസ് സിയുടെ വൈകിയാണ് പ്രഖ്യാപിച്ചത്. തിരുവനന്തപുരം,എറണാകുളം,കോഴിക്കോട് മേഖലകളിലായിട്ടായിരുന്നു കെഎഎസിൻ്റെ രണ്ടാം ഘട്ട പരീക്ഷ നടന്നത്. പിന്നീട് അഭിമുഖ പരീക്ഷ കൂടി നടത്തിയ ശേഷമാണ് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. കേരളത്തിന്‍റെ സിവില്‍ സര്‍വീസ് കാര്യക്ഷമമാക്കുന്നതിനായാണ് കേന്ദ്രമാതൃകയില്‍ കെഎഎസ് കേഡര്‍ സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.