സംസ്ഥാനത്ത് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത, കോഴിക്കോട് ജില്ലയില്‍ മലയോര മേഖലയിലുള്ളവര്‍ ജാഗ്രത പാലിക്കുക


കോഴിക്കോട്: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത. തിങ്കളാഴ്ച എറണാകുളം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പല ഇടങ്ങളിലും ഒറ്റപ്പെട്ട മഴ പെയ്യുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് പൊതുവേ ചൂട് കുറവാണ് അനുഭവപ്പെടുന്നത്. തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കാറ്റ്, 50 കിലോമീറ്റര്‍ വേഗതയില്‍ വരെ വീശിയടിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇടിമിന്നലിനും സാധ്യതയുണ്ട്. ഉച്ചക്ക് 2 മണിക്ക് മുതല്‍ രാത്രി വൈകി വരെ മിന്നലിന് സാധ്യതയുണ്ട്. മലയോര മേഖലയിലുള്ളവര്‍ക്ക് കൂടുതല്‍ ശ്രദ്ധിക്കണം. തുറസ്സായ സ്ഥലത്തും ടെറസ്സിലും കുട്ടികള്‍ കളിക്കുന്നത് ഒഴിവാക്കണമെന്നും ജാഗ്രതാ നിര്‍ദേശത്തിലുണ്ട്.