സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് വാരാന്ത്യ ലോക്ഡൗണ്‍ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ജൂലൈ 31, ആഗസ്റ്റ് ഒന്ന് തീയതികളിലും തുടരും. ഈ ദിവസങ്ങളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനാനുമതിയുണ്ടാവുക. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടെയാണ് കോവിഡ് അവലോകന യോഗം ചേര്‍ന്നത്.

അതേസമയം, ലോക്ഡൗണില്‍ ചില ഇളവുകള്‍ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഫോട്ടോ സ്റ്റുഡിയോകള്‍ക്ക് നിയന്ത്രണങ്ങളോടെ പ്രവര്‍ത്തിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ട്. പല പ്രവേശന പരീക്ഷകള്‍ക്കുമുള്ള അപേക്ഷക്കായി ഫോട്ടോ എടുക്കേണ്ട അവശ്യമുള്ളതിനാലാണ് സ്റ്റുഡിയോകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്.

വിത്ത് വളക്കടകള്‍ അവശ്യസര്‍വീസായും പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റസ്റ്റിക്‌സ് വകുപ്പിന്റെ വില വിഭാഗവും (പ്രൈസ് സെക്ഷന്‍) അവശ്യസര്‍വീസാണ്. എല്ലാ ദിവസവും ആവശ്യമായ ജീവനക്കാരെ വെച്ച് പ്രവര്‍ത്തിക്കാനുള്ള അനുമതി ഇക്കണോമിക് ആന്‍ഡ് സ്റ്റാറ്റസ്റ്റിക്‌സ് വകുപ്പിന്റെ വില വിഭാഗത്തിന് നല്‍കിയിട്ടുണ്ട്.