സംസ്ഥാനത്ത് വാക്‌സിന്‍ ചലഞ്ചിലൂടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ; വാക്‌സിന്‍ വാങ്ങാനായി ചെലവിട്ടത് 29 കോടി രൂപ


തിരുവനന്തപുരം : സംസ്ഥാനത്ത് വാക്സന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത് 817 കോടി രൂപ. ധനമന്ത്രി കെ.എന്‍.ബാലഗോപാലാണ് നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന സര്‍ക്കാര്‍ വാക്സിന്‍ കമ്ബനികളില്‍നിന്നു നേരിട്ട് വാക്സിന്‍ സംഭരിക്കുന്നതിനായി 29.29 കോടി രൂപ ചെലവഴിച്ചെന്നും ബാലഗോപാല്‍ അറിയിച്ചു. കെ.ജെ.മാക്‌സി എം,​എല്‍,​എ ഉന്നയിച്ച നക്ഷത്രചിഹ്നമില്ലാത്ത ചോദ്യങ്ങള്‍ക്കുള്ള മറുപടിയിലാണു മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂലായ് 30 വരെയുള്ള കണക്കുപ്രകാരം 817.50 കോടിയാണ് ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ചത്. കൊവിഡ് പ്രതിരോധ സാമഗ്രികളായ പി.പി.ഇ കിറ്റുകള്‍, ടെസ്റ്റ് കിറ്റുകള്‍, വാക്സിന്‍ എന്നിവ സംഭരിക്കുന്നതിനായി 318.2747 കോടി വിനിയോഗിച്ചു. ആകെ 13,42,540 ഡോസ് വാക്സിനാണ് സര്‍ക്കാര്‍ നേരിട്ടു സംഭരിച്ചത്. ഇതില്‍ 8,84,290 ഡോസിന്റെ വിലയാണ് ഇതുവരെ നല്‍കിയിട്ടുള്ളതെന്നാണ് കണക്കുകള്‍ പറയുന്നത്.

സംസ്ഥാനത്തെ മൂന്നു ദിവസത്തെ വാക്സീന്‍ യജ്ഞം പുരോഗമിക്കുകയാണ്. ശനിയാഴ്ച തുടങ്ങിയ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് തിങ്കളാഴ്ചയും തുടരും. ദിവസം 5 ലക്ഷം വാക്സനാണ് വിതരണം ചെയ്യുന്നത്