സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്നുമുതൽ; പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം


തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച രാത്രികാല നിയന്ത്രണം ഇന്ന് നിലവില്‍വരും. ഡിസംബര്‍ 30 മുതല്‍ ജനുവരി രണ്ട് വരെയാണ് സര്‍ക്കാര്‍ നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്.

രാത്രി പത്ത് മുതല്‍ പുലര്‍ച്ചെ അഞ്ച വരെയാണ് നിയന്ത്രണം. പുതുവത്സരാഘോഷങ്ങള്‍ രാത്രി പത്ത മണിക്ക് ശേഷം അനുവദിക്കുന്നതല്ല. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയംസാക്ഷ്യപത്രം കരുതണമെന്നും നിര്‍ദേശത്തിലുണ്ട്.

വലിയ ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ബീച്ചുകള്‍, മാളുകള്‍, പാര്‍ക്കുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ആള്‍ക്കൂട്ടവും അനാവശ്യ യാത്രകളും അനുവദിക്കില്ലെന്ന് കേരള പോലീസ് വ്യക്തമാക്കി.

ദേവാലയങ്ങളിലും മറ്റു പൊതു ഇടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ ഉള്‍പ്പെടെ ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പും അറിയിച്ചിട്ടുണ്ട്.

കടകള്‍ രാത്രി പത്തിന് തന്നെ അടയ്ക്കണം. അനാവശ്യ യാത്രകള്‍ അനുവദിക്കില്ല. ഈ ദിവസങ്ങളില്‍ വാഹനപരിശോധന ശക്തമാക്കും. രാജ്യത്ത് ഒമിക്രോണ്‍ വ്യാപനത്തിന് പിന്നാലെ പല സംസ്ഥാനങ്ങളും നൈറ്റ് കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളവും നിയന്ത്രണം പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് ആകെ 64 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.