സംസ്ഥാനത്ത് പ്രായം കുറഞ്ഞ മേയര്‍ മാത്രമല്ല പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് കൂടിയുണ്ട്


പത്തനംതിട്ട: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം തിരുവനന്തപുരം മേയറായി സ്ഥാനമേറ്റ ആര്യാ രാജേന്ദ്രനാണ് ഏറ്റവും പ്രായം കുറഞ്ഞ മേയര്‍.ഇത് എല്ലാ മാധ്യമങ്ങളിലും നിറഞ്ഞുനിന്ന വലിയ വാര്‍ത്തയായിരുന്നു. എന്നാലിതാ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായത് കോന്നി അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയിയാണ്.

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി, ഏറ്റവും പ്രായം കുറഞ്ഞ മെമ്പർ എന്നീ നേട്ടങ്ങളിലൂടെ നേരത്തെ വാർത്തകളിൽ ഇടംനേടിയ ആളാണ് രേഷ്മ മറിയം റോയ്. നവംബര്‍ 18 ന് 21 -ാം ജന്മദിനം ആഘോഷിച്ച രേഷ്മ തൊട്ടടുത്ത ദിവസമാണ് 11-ാം വാര്‍ഡില്‍ നിന്ന് മത്സരിക്കാനായി പത്രിക സമര്‍പ്പിച്ചത്. മത്സരിക്കാനുളള യോഗ്യത നേടി ഒരു മാസവും പത്ത് ദിവസവും പിന്നിടുമ്പോള്‍ പഞ്ചായത്തിനെ നയിക്കാനുളള ചുമതല കൈവന്നതില്‍ രേഷ്മയ്ക്ക് ഒട്ടും അമ്പരപ്പില്ല.

യുഡിഎഫിന്റെ സിറ്റിംങ് സീറ്റില്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റിനെ 70 വോട്ടിന് തോല്‍പ്പിച്ചാണ് രേഷ്മയുടെ കന്നിവിജയം. അരുവാപ്പുലം തുണ്ടിയംകുളം വീട്ടില്‍ തടി വ്യാപാരിയായ റോയി ടി. മാത്യുവിന്റെയും സെന്റ് സ്റ്റീഫന്‍സ് കോളേജിലെ സീനിയര്‍ ക്ലര്‍ക്ക് മിനി റോയിയുടെയും മകളാണ്. സഹോദരന്‍ റോബിന്‍ റോയി.

എസ്.എഫ്. ഐ യിലൂടെയാണ് രേഷ്മ രാഷ്ട്രീയ പ്രവേശനം. കോന്നി വി.എന്‍.എസ് കോളേജില്‍ ബിബിഎ ഒന്നാം വര്‍ഷം പഠിക്കുമ്പോള്‍ രാഷ്ട്രീയത്തില്‍ സജീവമായി. എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ കമ്മറ്റിയംഗം, സെ്ക്രട്ടറിയേറ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. എല്‍.എല്‍.ബി ക്ക് ചേരാനിരിക്കുകയാണ്. പൊതുപ്രവര്‍ത്തനത്തിനൊപ്പം പഠനം തുടരാനാണ് ആഗ്രഹം.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക