സംസ്ഥാനത്ത് ചെറു മേഘവിസ്ഫോടനങ്ങൾക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് പഠനം, ജാഗ്രത
കൊച്ചി: കേരളത്തില്‍ ചെറു മേഘ വിസ്ഫോടനങ്ങളും ചുഴലിക്കാറ്റും വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. ഒരു ചെറു പ്രദേശത്തെ അതിവേഗം വ്യാപക നാശനഷ്ടം വിതയ്ക്കുന്നവയാണ് മേഘ വിസ്ഫോടനങ്ങള്‍. മധ്യകേരളത്തിലെ ജില്ലകളിലാണ് ഇത്തരത്തില്‍ ചെറു മേഘവിസ്ഫോടനങ്ങള്‍ പതിവാകുന്നത്. പടിഞ്ഞാറുനിന്നു കിഴക്കോട്ട് 40-50 കിലോമീറ്റര്‍ വേഗത്തില്‍ ഒരേ ദിശയില്‍ മണ്‍സൂണ്‍ കാലത്ത് കാറ്റു വീശുന്നത് പതിവാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ ഇടുക്കി, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ അതിശക്തമായ മഴയും കാറ്റുമാണുണ്ടായിരുന്നത്. ഇത് വ്യാപക നാശനഷ്ടവും സൃഷ്ടിച്ചിരുന്നു. മിനി ടൊര്‍ണാടോകളെന്നറിയപ്പെടുന്ന ചെറുചുഴലിക്കാറ്റുകളും ചെറുമേഘവിസ്ഫോടനങ്ങളുമാണ് ഇതിന് കാരണമെന്നാണ് കാലാവസ്ഥ പഠനങ്ങള്‍ പറയുന്നു.
വളരെ പെട്ടെന്ന് നാശം വിതച്ചു കടന്നു പോകുന്ന കാറ്റാണ് ഇപ്പോള്‍ കേരളത്തെ ഭീതിപ്പെടുത്തുന്നത്. മേഘങ്ങള്‍ക്കുള്ളിലുണ്ടാകുന്ന ചെറുവിസ്ഫോടന ഫലമായി ചുഴലി പോലെ താഴേക്ക് വളരെ കുറച്ചുസമയത്തേക്കു ഉണ്ടാകുന്ന വായുപ്രവാഹമാണ് ഇതിനു കാരണം.
പത്തനംതിട്ട, തൃശൂര്‍ എന്നിവിടങ്ങളിലും ഇപ്പോള്‍ കൂമ്ബാര മേഘങ്ങള്‍ പലസ്ഥലത്തും കണ്ടു വരുന്നത് ആശങ്ക സൃഷ്ഠിക്കുന്നു. മേഘങ്ങളുടെ ഭാഗമായി വരുന്ന പ്രവചിക്കാന്‍ കഴിയാത്ത ഈ കാറ്റ് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍വരെ വീശാം. ഏകദേശം നാല് മിനിറ്റിനകം ശാന്തമാകുമെങ്കിലും ചിന്തിക്കാവുന്നതിലും അധികം നാശനഷ്ടം ഇവ വരുത്തിവച്ചേക്കാമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയാണ് മേഘസ്ഫോടനം എന്നുപറയുന്നത്. നിമിഷങ്ങള്‍ കൊണ്ട് മേഘസ്ഫോടനം ഉണ്ടാകുന്ന പ്രദേശം മുഴുവന്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും കൊണ്ട് നാശനഷ്ടങ്ങളുണ്ടാകും. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലാകുന്നു. പൊതുവേ, മണിക്കൂറില്‍ 100 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ഒരു സ്ഥലത്തു ലഭിച്ചാല്‍, അതിനെ മേഘസ്ഫോടനം എന്നുവിളിക്കാം.