സംസ്ഥാനത്ത് കൊവിഡ് പരിശോധനാ നിരക്ക് പുതുക്കി, മാറ്റം വരുത്തിയ നിരക്കുകള്‍ അറിയാം


തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ലാബുകളിലെ കൊവിഡ് പരിശോധന നിരക്ക് പുതുക്കി ആരോഗ്യവകുപ്പ്. എയര്‍പോര്‍ട്ടുകളില്‍ റാപ്പിഡ് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റുകള്‍ നടത്തുന്നതിന് 2490 രൂപയാണ് നിരക്ക്. അബോട്ട് ഹെല്‍ത്ത് കെയറിന്റെയും തെര്‍മോ ഫിഷര്‍ സയന്റിഫിക്കിന്റെയും ലാബുകളാണ് എയര്‍പോര്‍ട്ടുകളില്‍ പ്രവര്‍ത്തിക്കുക. നിലവില്‍ എയര്‍പോര്‍ട്ടില്‍ പല ലാബുകള്‍ പല തരത്തിലാണ് കൊവിഡ് പരിശോധനയ്ക്ക് പണം ഈടാക്കുന്നത്. ഇതിന് മാറ്റം വരുത്താനാണ് പുതിയ ഉത്തരവ്.

അതേ സമയം സാധാരണ ആര്‍.ടി.പി.സി.ആര്‍ പരിശോധനയുടെ നിരക്ക് 500 രൂപയായി തുടരും. എയര്‍പോട്ട്, റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, തീര്‍ത്ഥാടന കേന്ദ്രം എന്നിങ്ങനെ ഏത് സ്ഥലത്തായാലും സാധാരണ ആര്‍.പി.ടി.സി.ആര്‍ പരിശോധനയ്ക്ക് ഈ നിരക്ക് തന്നെയായിരിക്കും. ആന്റിജന്‍ പരിശോധനയ്ക്ക് 300 രൂപയും.

ആര്‍ടിലാമ്പ് പരിശോധനയ്ക്ക് 1150 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ട്രൂനാറ്റ് പരിശോധനയ്ക്ക് 1500 രൂപയും എക്‌സ്‌പേര്‍ട്ട് നാറ്റ് പരിശോനധനയ്ക്ക് 2500 രൂപയും സ്വകാര്യ ലാബുകള്‍ക്ക് ഈടാക്കാം.