സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി
തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപന പരിധികളില്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് ഉത്തരവുണ്ട്. ഒരേ സമയം പരമാവധി പതിനഞ്ച് പേര്‍ക്കായിരിക്കും അകത്തേക്ക് പ്രവേശനം നല്‍കുക.
ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൂടി ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ രണ്ട് ദിവസം ബാങ്കിലെത്താന്‍ അനുവാദമില്ല. ബാങ്കിലെ തന്നെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് മാത്രമായാണ് ഇളവ് നല്‍കിയിരിക്കുന്നത്.
എ, ബി മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ക്കും ജോലിക്കെത്താന്‍ അനുവാദമായി. സി വിഭാഗത്തിലുള്ളയിടങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍ക്ക് ഡ്യൂട്ടിക്കെത്താം.
കഴിഞ്ഞ ഏഴ് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി അനുസരിച്ച് എ വിഭാഗത്തില്‍ (0 മുതല്‍ 8 ശതമാനം വരെ ടിപിആ!ര്‍) 277 പ്രദേശങ്ങളും ബി വിഭാഗത്തില്‍ (9 മുതല്‍ 15 ശതമാനം) 575 പ്രദേശങ്ങളും സി വിഭാഗത്തില്‍ (16 മുതല്‍ 24 ശതമാനം വരെ ടിപിആര്‍) 171 പ്രദേശങ്ങളും ആണുള്ളത്. 24 ശതമാനത്തില്‍ കൂടുതല്‍ ടിപിആര്‍ ഉള്ള 11 തദ്ദേശസ്ഥാപനങ്ങളാണുള്ളത്. ഈ വേര്‍തിരിവ് അനുസരിച്ചാവും വ്യാഴാഴ്ച മുതല്‍ ഒരാഴ്ചത്തേക്ക് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നടപ്പാക്കുക.
തമിഴ്‌നാട് അതിര്‍ത്തിയുടെ ഭാഗമായ തദ്ദേശസ്ഥാപനങ്ങളിലെ മദ്യഷോപ്പുകള്‍ ഈ ഘട്ടത്തില്‍ അടച്ചിടും.