സംസ്ഥാനത്ത് കുട്ടികള്‍ വീണ്ടും വിദ്യാലയങ്ങളിലേക്ക്; സ്‌കൂളുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയെന്ന് മന്ത്രി വി.ശിവന്‍കുട്ടി


കോഴിക്കോട്: സ്കൂൾ തുറക്കാൻ ഒരുക്കങ്ങൾ തുടങ്ങിയതായി മന്ത്രി വി ശിവൻകുട്ടി. സർക്കാർ പ്രഖ്യാപനം വരുന്നത് കണക്കാക്കി മുന്നൊരുക്കങ്ങൾ നടത്താനാണ് നിർദ്ദേശം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലെ ഉന്നത തല സമിതിയാകും തീരുമാനം എടുക്കുക.

സംസ്ഥാനത്തെ കോളേജുകൾ ഒക്ടോബർ നാലിന് തുറക്കാൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. വാക്സീനേഷൻ മുന്നേറിയതിലെ ആശ്വാസമാണ് കൂടുതൽ ഇളവുകളിലേക്ക് നീങ്ങാൻ സർക്കാരിന് കരുത്താകുന്നത്. ഈ മാസം മുപ്പതിനകം സമ്പൂർണ്ണ ആദ്യഡോസ് വാക്സിൻ കവറേജാണ് ലക്ഷ്യം.

വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി.

ഏഴ് ലക്ഷം വാക്സീൻ കൈയ്യിലുള്ളത് ഇന്നത്തോടെ കൊടുത്തുതീർക്കുമെന്നാണ് ഇന്നലെ മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി.