സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഇന്ന് മുതൽ; എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ്


തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച്‌ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക്‌ നൽകുന്ന അവശ്യസാധനങ്ങൾ അടങ്ങിയ പ്രത്യേക കിറ്റിന്റെ വിതരണം ശനിയാഴ്‌ച തുടങ്ങും. സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്‌ച തിരുവനന്തപുരത്ത്‌ ഭക്ഷ്യ-മന്ത്രി ജി ആർ അനിൽ നിർവഹിക്കും. എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും. അടുത്ത മാസം 18 ന് മുൻപ് കിറ്റ് പൂർണമായും വിതരണം ചെയ്യുകയാണ് ലക്ഷ്യം. തുണി സഞ്ചി ഉൾപ്പെടെ 16 ഇനങ്ങളാണ് കിറ്റിലുള്ളത്.

കുട്ടികൾക്കായി ക്രീം ബിസ്കറ്റ് നൽകാൻ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഒഴിവാക്കുകയായിരുന്നു. 570 രൂപയുടെ കിറ്റാണ് കാർഡ് ഉടമയ്ക്ക് ലഭിക്കുക. പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയര്‍, തുവരപ്പരിപ്പ്, തേയില, മുളക്പൊടി, ഉപ്പ്, മഞ്ഞള്‍, ആട്ട, ഉപ്പേരി, ബാത്ത് സോപ്പ് തുടങ്ങിയവയും പായസം തയ്യാറാക്കുന്നതിന് ആവശ്യമായ അണ്ടിപ്പരിപ്പ്, എലയ്ക്ക, സേമിയ/പാലട/ഉണക്കലരി എന്നിവയില്‍ ഒന്ന്, നെയ്യ്, ഉള്‍പ്പെടെയുള്ളവയും ഉണ്ടാകും.

എഎവൈ (മഞ്ഞ) വിഭാഗത്തിന് 31, ആഗസ്‌ത്‌ രണ്ട്‌, മൂന്ന്‌ തീയതിയിലും പിഎച്ച്‌എച്ച്‌ (പിങ്ക്‌) വിഭാഗത്തിന് ആഗസ്‌ത്‌ നാല്‌ മുതൽ ഏഴ്‌ വരെയും എൻപിഎസ് (നീല) വിഭാഗത്തിന് ആഗസ്‌ത്‌ ഒമ്പത്‌ മുതൽ 12 വരെയും എൻപിഎൻഎസ് (വെള്ള) വിഭാഗത്തിന് ആഗസ്‌ത്‌ 13 മുതൽ 16 വരെയുമാണ്‌ വിതരണം.

16 ഇനം സാധനങ്ങള്‍ അടങ്ങുന്ന കിറ്റിലെ ശര്‍ക്കരവരട്ടിയും ഉപ്പേരിയും നല്‍കുന്നത് കുടുംബശ്രീയാണ്. കുടുംബശ്രീയുടെ കീഴിലുള്ള വിവിധ കാര്‍ഷിക സൂക്ഷ്മ സംരംഭ യൂണിറ്റുകള്‍ തയ്യാറാക്കിയ ശര്‍ക്കരവരട്ടിയും ചിപ്‌സും സപ്ലൈകോയ്ക്ക് നല്‍കി.