സംസ്ഥാനത്ത് ഈ മാസം 25 മുതല്‍ സിനിമാ തീയേറ്ററുകള്‍ തുറക്കാന്‍ അനുമതി; ഇളവുകളുടെ വിശദാംശങ്ങൾ വായിക്കാം


തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ അനുമതി. ഈ മാസം 25 മുതലാണ് സിനിമാ തീയറ്ററുകള്‍ തുറക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. പകുതി സീറ്റുകളില്‍ മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടായിരിക്കും തീയറ്ററുകളുടെ പ്രവര്‍ത്തനം. ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങള്‍ തുറക്കാനും അനുമതിയുണ്ട്.

50 ശതമാനം സീറ്റുകളിലേക്കെങ്കിലും പ്രവേശനം അനുവദിക്കണമെന്ന് തീയറ്റര്‍ ഉടമകള്‍ ആവശ്യമറിയിച്ചിരുന്നു. സംസ്ഥാനത്ത് ഗ്രാമസഭകള്‍ ചേരാനും അവലോകന യോഗത്തില്‍ അനുമതി നല്‍കി. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി ഗ്രാമസഭകള്‍ ചേര്‍ന്നിരുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങളെ ഇത് സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് അനുമതി നല്‍കിയത്. വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആക്കി ഉയര്‍ത്താനും അവലോകന യോഗത്തില്‍ തീരുമാനിച്ചു.

നിബന്ധനകളോടെയാണ് തിയേറ്ററുകളും ഇന്‍ഡോര്‍ സ്‌റ്റേഡിയങ്ങളും തുറക്കാന്‍ അനുമതി നല്‍കിയത്. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച തൊഴിലാളികളെ ഉള്‍പ്പെടുത്തി രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാവും പ്രവേശനം. 50 ശതമാനം സീറ്റിംഗ് കപ്പാസിറ്റിയിലാവും ഇവിടങ്ങളില്‍ പ്രവേശിക്കാന്‍ അനുവദിക്കുക..

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തി ഒക്ടോബര്‍ 18 മുതല്‍ കോളേജുകളിലെ എല്ലാ വര്‍ഷ ക്ലാസ്സുകളും മറ്റ് പരിശീലന സ്ഥാപനങ്ങളിലെ ക്ലാസുകളും ആരംഭിക്കും. സംസ്ഥാനത്തിനകത്ത് വിവിധ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട. രണ്ട് ഡോസ് വാക്‌സിനേഷന്‍ നിബന്ധന മതി.

പ്രീമെട്രിക് ഹോസ്റ്റലുകളും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളും ബയോ ബബിള്‍ മാതൃകയില്‍ മറ്റ് സ്‌കൂളുകള്‍ തുറക്കുന്ന നവംബര്‍ ഒന്നുമുതല്‍ തുറക്കും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ജീവനക്കാരെ ഉള്‍പ്പെടുത്തി മറ്റ് സ്‌കൂളുകളിലെ ക്ലാസുകള്‍ ആരംഭിക്കാന്‍ അനുവദിച്ചത് പ്രകാരമാവും ഇത്. കല്യാണം, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് 50 പേരെ വരെ പങ്കെടുക്കാന്‍ അനുവദിക്കും. 50 പേരെ വരെ ഉള്‍പ്പെടുത്തി ശാരീരിക അകലം പാലിച്ച് നവംബര്‍ ഒന്ന് മുതല്‍ ഗ്രാമസഭകള്‍ ചേരാനും അനുവദിക്കും.

സി.എഫ്.എല്‍.ടി.സി, സി.എസ്.എല്‍.ടി.സികളായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍, കോളേജ് ഹോസ്റ്റലുകള്‍, സ്‌കൂളുകള്‍ എന്നിവ ഒഴിവാക്കണം. കൊവിഡ് ഡ്യൂട്ടിക്ക് വിനിയോഗിച്ച അധ്യാപകരെ തിരിച്ച് വിളിക്കുമ്പോള്‍ വളണ്ടിയര്‍മാരെ പകരം കണ്ടെത്താവുന്നതാണ്. സ്‌കൂളുകള്‍ തുറക്കുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. കുട്ടികള്‍ക്ക് സാധാരണ വരുന്ന അസുഖങ്ങളും കൊവിഡ് ആയി തെറ്റിദ്ധരിച്ചേക്കാം. അതിനാല്‍ ഡോക്ടര്‍മാരുടെ നിരീക്ഷണം ശക്തിപ്പെടുത്തണം.

സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ആന്റിജന്‍ കിറ്റുകള്‍ ലഭ്യമാക്കണം. കുട്ടികള്‍ക്കിടയില്‍ നടത്തിയ സിറോ പ്രിവലന്‍സ് സര്‍വേ പൂര്‍ത്തിയായി. സ്‌കൂളുകള്‍ തുറക്കാനുള്ള മാര്‍ഗരേഖയും ഉടന്‍ പുറത്തിറക്കും. കുട്ടികള്‍ക്കുള്ള ഹോമിയോ പ്രതിരോധ മരുന്ന് വിതരണത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിവുന്നു.