സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ


കോഴിക്കോട്: സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക് ഡൗൺ. അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾക്കു മാത്രമാണ് തുറക്കാൻ അനുമതി. ഹോട്ടലുകളിൽ നിന്ന് ഹോം ഡെലിവറിയും അനുവദിക്കും. സ്വകാര്യ ബസ് സർവീസ് ഉണ്ടായിരിക്കില്ല. കെ.എസ്.ആർ.ടി.സി പരിമിത സർവീസായിരിക്കും നടത്തുക.

കൊവിസ് കേസുകൾ കുറയുന്നുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നില്ല. ഈ സാഹചര്യത്തിലാണ് വാരാന്ത്യ ലോക്ക് ഡൗൺ തുടരാൻ സർക്കാർ തീരുമാനിച്ചത്. ഇന്നും നാളെയും കർശന പരിശോധന ഉണ്ടായിരിക്കും. പ്രഭാത സായാഹ്ന സവാരി അനുവദിക്കില്ല. സർക്കാർ അനുവദിച്ചിട്ടുള്ള അവശ്യ സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്നവർക്ക് നിശ്ചിത സമയങ്ങളിൽ യാത്ര ചെയ്യാം.
കോവിഡ് സാഹചര്യം വിലയിരുത്താനുള്ള വകുപ്പുതല അവലോകന യോഗം ശനിയാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേരും. പുതിയ നിയന്ത്രണങ്ങളും ഇളവുകളും വന്നശേഷമുള്ള നാലുദിവസത്തെ സ്ഥിതി യോഗം അവലോകനം ചെയ്യും.
പരീക്ഷകൾക്ക് അനുമതി
ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്ഡൗൺ ആണെങ്കിലും സർവകലാശാലകൾ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ല. പരീക്ഷയ്ക്കു പോകുന്ന വിദ്യാർഥികൾക്കും അധ്യാപകർക്കും അതുമായി ബന്ധപ്പെട്ട ജീവനക്കാർക്കും യാത്രാനുമതിയുണ്ട്. മതിയായ രേഖകൾ കൈയിൽ കരുതണം.