സംസ്ഥാനത്ത് ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി; രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശനാനുമതി, കടല്‍ത്തീരങ്ങളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ ഓണാഘോഷം വെര്‍ച്വല്‍ ആയി നടത്തുമെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ടൂറിസം വകുപ്പിന്റെ തീരുമാനം. ഓഗസ്റ്റ് 14ന് ഓണ്‍ലൈന്‍ പൂക്കളമത്സരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
വിശ്വമാനവികതയുടെ ഓണപ്പൂക്കളം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി പൂക്കളമത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിന്റെ രജിസ്‌ട്രേഷന്‍ പത്താം തിയതി മുതല്‍ ടൂറിസം വെബ്‌സൈറ്റ് വഴി നടത്താം. കേരളത്തിലുള്ളവര്‍ക്കും പുറത്തുള്ളവര്‍ക്കും പ്രത്യേകമായി സമ്മാനങ്ങള്‍ നല്‍കും.
അതേസമയം ഒരു ഡോസ് വാക്‌സിനെങ്കിലും സ്വീകരിച്ചവര്‍ക്ക് ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാന്‍ അനുമതിയുണ്ടാകുമെന്നും പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഹോട്ടലുകളില്‍ അവധിക്കാലം ചെലവഴിക്കാം. വയനാട് പ്രധാനപ്പെട്ട കേന്ദ്രമായി കണ്ട് ടൂറിസം മേഖലയിലെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. ഡ്രൈവര്‍മാരും ഹോട്ടല്‍ ജീവനക്കാരും ഇതില്‍ ഉള്‍പ്പെടും. ടൂറിസം കേന്ദ്രങ്ങള്‍ തുറക്കാനുള്ള സ്വാതന്ത്ര്യം ജില്ലാ കളക്ടര്‍മാര്‍ക്കായിരിക്കും.
കടല്‍ത്തീരങ്ങളില്‍ ചെലവഴിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകും. കൊവിഡ് പശ്ചാത്തലത്തില്‍ വിദേശടൂറിസ്റ്റുകള്‍ എത്താന്‍ സാധ്യതയില്ലാത്തതിനാല്‍ ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കൊവിഡ് കാരണം ടൂറിസം മേഖലയില്‍ മാത്രം 3300 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും മന്ത്രി പറഞ്ഞു. 2020 മാര്‍ച്ച് മുതല്‍ ഡിസംബര്‍ വരെ മാത്രമുള്ള നഷ്ടമാണ് 3300 കോടി രൂപ. വിദേശനാണ്യവിനിമയത്തല്‍ 7000 കോടിയുടെ ഇടിവുണ്ടായി.