സംസ്ഥാനത്ത് ആദ്യദിനം അരലക്ഷത്തിലധികം പേര്‍ വാക്സിന്‍ സ്വീകരിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് വൈകുന്നേരം വരെയുള്ള കണക്കനുസരിച്ച് 45 വയസിന് മുകളില്‍ പ്രായമുള്ള 52,097 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. 791 സര്‍ക്കാര്‍ ആശുപത്രികളും 361 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,152 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരുന്നത്.

സംസ്ഥാനത്ത് ഇതുവരെ 36,31,372 ഡോസ് വാക്‌സിനാണ് ആകെ നല്‍കിയത്. അതില്‍ 32,21,294 പേര്‍ക്ക് ആദ്യഡോസ് വാക്‌സിനും 4,10,078 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനും നല്‍കിയിട്ടുണ്ട്. ഇതില്‍ 34,89,742 പേര്‍ക്ക് കോവിഷീല്‍ഡ് വാക്‌സിനും 1,41,630 പേര്‍ക്ക് കോവാക്‌സിനുമാണ് നല്‍കിയത്.

45 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ മുഖേനയും ആശുപത്രിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്തും വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. തിരക്ക് ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിനെടുക്കാന്‍ എത്തുന്നതാണ് നല്ലത്. www.cowin.gov.in എന്ന വെബ് സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.