സംസ്ഥാനത്ത് അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലർട്ട്


തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായി മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട്. നാളെ ഒൻപത് ജില്ലകളിലും യെല്ലോ അലർട്ടാണ്.

മറ്റന്നാൾ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ടും (എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ) മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഞായറാഴ്ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ, ആന്ധ്രാ ഒഡീഷ തീരത്തെ ചക്രവാതചുഴിയുടെ പ്രഭാവത്തിൽ കാലവർഷം സജീവമാകുന്നതാണ് നിലവിലെ മഴയ്ക്ക് കാരണം. നിലവിൽ ചക്രവാതചുഴി, ന്യൂനമർദ്ദമായി മാറാൻ സാധ്യതയില്ല.

വിവിധ ജില്ലകളിൽ ഓറഞ്ച് അലേർട്ട്

28-08-2021: എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്

29-08-2021: പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്

30-08-2021: ഇടുക്കി, തൃശൂർ, വയനാട്

പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ

അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കേണ്ട ഇടങ്ങളിൽ അതിനോട് സഹകരിക്കേണ്ടതാണ്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മൽസ്യബന്ധനോപധികൾ സുരക്ഷിതമാക്കി വെക്കണം.