സംസ്ഥാനത്തെ 1,58,802 കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നേടാനാകില്ല; കോഴിക്കോട് പ്രവേശന പട്ടികയ്ക്ക് പുറത്താക്കുക 20679 വിദ്യാര്‍ഥികള്‍


കോഴിക്കോട്: സംസ്ഥാനത്ത് ഒന്നരലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഇക്കുറി പ്ലസ് വണ്‍ പ്രവേശനം നേടാകാനില്ലെന്ന് കണക്കുകള്‍. വിദ്യാഭ്യാസ വകുപ്പിന്റെ കയ്യിലുള്ള കണക്ക് പ്രകാരം 1,58,802 കുട്ടികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം നേടാനാകില്ല.

തിരുവനന്തപുരത്ത് 35949 അപേക്ഷകരാണ് ആകെയുള്ളത്. ഇതില്‍ 21350 പേര്‍ക്കാണ് ഇപ്പോള്‍ അലോട്ട്‌മെന്റ് ലഭിച്ചത്. ഇനി 3337 ഒഴിവേയുള്ളൂ. അതായത് 11262 വിദ്യാര്‍ഥികള്‍ക്ക് സീറ്റുണ്ടാവില്ല. കോഴിക്കോട് ജില്ലയില്‍ 20679 കുട്ടികളാണ് ഇത്തരത്തില്‍ പ്രവേശ പട്ടികയ്ക്ക് പുറത്താവുക. പത്തനംതിട്ടയില്‍ 4890ഉം ആലപ്പുഴയില്‍ 11333ഉം കോട്ടയത്ത് 10033 ഉം ഇടുക്കിയില്‍ 5251 ഉം എറണാകുളത്ത് 14518ഉം തൃശൂരില്‍ 19119ഉം കാസര്‍കോട് 6715ഉം പാലക്കാട് 18665ഉം മലപ്പുറത്ത് 36367ഉം വയനാട് 4334ഉം കണ്ണൂരില്‍ 11788ഉം സീറ്റുകളുടെ കുറവുണ്ട്.

സംവരണ സീറ്റുകളും മാനേജ്‌മെന്റ് ക്വാട്ടയും ഈ കണക്കില്‍ ഉള്‍പ്പെട്ടിട്ടില്ല. അതുവഴി കുറച്ചു കൂട്ടുകള്‍ക്കു കൂടി അവസരം ലഭിക്കുമെങ്കിലും വലിയൊരു വിഭാഗം കുട്ടികള്‍ പട്ടികയ്ക്ക് പുറത്തുതന്നെയായിരിക്കും.