സംസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച്‌ കേന്ദ്രസര്‍ക്കാര്‍; കേന്ദ്ര ആരോഗ്യസെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തയച്ചു


കോഴിക്കോട്: രോഗവ്യാപനം നിയന്ത്രിക്കാനുള്ള നടപടികള്‍ നിര്‍ദേശിച്ചും സംസ്ഥാനത്തെ കൊവിഡ് സാഹചര്യത്തില്‍ ആശങ്കയറിയിച്ചും ചീഫ് സെക്രട്ടറി വി പി ജോയിക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണിന്റെ കത്ത്. 14 ജില്ലകളിലും രോഗസ്ഥിരീകരണ നിരക്ക്(ടിപിആര്‍) ഉയര്‍ന്നു നില്‍ക്കുന്നത് ആശങ്കാജനകമെന്ന് കത്തില്‍ പറയുന്നു.
പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ കുറഞ്ഞിട്ടും കേരളത്തില്‍ വലിയരീതിയില്‍ രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇങ്ങനെയൊരു കത്ത് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ചത്. ജൂണ്‍ 28 മുതല്‍ ജൂലൈ നാലുവരെയുള്ള രോഗവ്യാപന നിരക്ക് 10.3 ശതമാനമാണ്.

കേരളത്തില്‍ പൊതുവേ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും 10 ശതമാനത്തിന് മുകളിലുള്ള ടിപിആര്‍ ആശങ്കപ്പെടുത്തുന്നതാണെന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ വലിയ നടപടികള്‍ ആവശ്യമെന്ന് കത്തിലുണ്ട്. ഒപ്പം കഴിഞ്ഞ നാല് ആഴ്ചയായി രണ്ടു ജില്ലകളില്‍ പ്രതിവാര കൊവിഡ് കേസുകളില്‍ വര്‍ധനയുണ്ടായി. ഇത് ശ്രദ്ധിക്കേണ്ട കാര്യമെന്ന് കത്തില്‍ സൂചിപ്പിക്കുന്നു.
എല്ലാ ജില്ലകളിലും ദിനംപ്രതി 200-ലേറെ കേസുകള്‍ രേഖപ്പെടുത്തിയതും ആശങ്കയ്ക്ക് ഇടനല്‍കുന്നതെന്ന് കത്തില്‍ രാജേഷ് ഭൂഷണ്‍ പറയുന്നു. സമ്ബര്‍ക്ക പട്ടികയും നിരീക്ഷണവും ശക്തിപ്പെടുത്തണം, പരിശോധന കൂട്ടണം, ആശുപത്രി സൗകര്യങ്ങള്‍ വര്‍ധിപ്പിന്നതില്‍ മുന്നൊരുക്കും വേണം, വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് പ്രധാനമായും കേന്ദ്ര ആഭ്യന്തരമന്ത്രാലയം മുന്നോട്ടുവയ്ക്കുന്നത്.