സംയോജിത കൃഷി, ബോട്ടിംഗ്, ടൂറിസം; സമഗ്രമായ മാറ്റത്തിനൊരുങ്ങി വെളിയണ്ണൂര്‍ ചല്ലി; തയ്യാറാക്കിയത് 20.7 കോടി രൂപയുടെ പദ്ധതി


പേരാമ്പ്ര: അരിക്കുളം, കീഴരിയൂര്‍, നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തുകളിലും കൊയിലാണ്ടി നഗരസഭയിലുമായി വ്യാപിച്ചു കിടക്കുന്ന വെളിയന്നൂര്‍ ചല്ലി പാടശേഖരങ്ങളുടെ വികസനത്തിനായി 20.7 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ട് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കി. ഒരാഴ്ചക്കുളളില്‍ പദ്ധതി സര്‍ക്കാര്‍ അനുമതിക്കായി സമര്‍പ്പിക്കും. വെളിയണ്ണൂര്‍ ചല്ലിയുടെ ഭാഗമായ നായാടന്‍ പുഴ പുനരുദ്ധാരണവും പദ്ധതിയുടെ ഭാഗമാണ്.നേരത്തെ 15 കോടിയുടെ പദ്ധതിയായിരുന്നു തയ്യാറാക്കിയിരുന്നത്. എന്നാല്‍ 2018 ലെ പുതുക്കിയ ഷെഡ്യൂള്‍ റെയിറ്റ് പ്രകാരം 20.7 കോടി രൂപയായി എസ്റ്റിമേറ്റ് തുക വര്‍ദ്ധിപ്പിക്കുകയായിരുന്നു.

വെളിയണ്ണൂര്‍ ചല്ലിയില്‍ ജല ക്രമീകരണ പദ്ധതി നടപ്പിലാക്കി ഈ പാടശേഖരം പൂര്‍ണ്ണമായി നെല്‍കൃഷിയ്ക്ക് അനുയോജ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നെല്‍കൃഷി ചെയ്യാത്ത സ്ഥലത്ത് ജല ടൂറിസം പദ്ധതിയും വിഭാവനം ചെയ്യുന്നു.പദ്ധതി യാഥാര്‍ത്ഥമായല്‍ 200 ഹെക്ടറില്‍ നെല്‍കൃഷി ഉള്‍പ്പെടെയുളള സംയോജിത കൃഷിയും ടൂറിസം വികസനത്തിനും ഉപകരിക്കും.ഏതാണ്ട് 4000 കുടുംബങ്ങള്‍ക്ക് ഉപകാരപ്രദമാകും.

ഹരിത കേരളം,സുഭിക്ഷ കേരളം എന്നീ പദ്ധതികളുടെ ഭാഗമായി വെളിയണ്ണൂര്‍ ചല്ലി സംയോജിത കൃഷി വികസനത്തിന് അനുയോജ്യമാണെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തിയ പഠനത്തില്‍ ബോധ്യമായിട്ടുണ്ട്. ചല്ലിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നെല്‍ കൃഷി, ഔഷധ സസ്യകൃഷി, മീന്‍ വളര്‍ത്തല്‍, കന്നുകാലി കൃഷി, താറാവ് വളര്‍ത്തല്‍ എന്നിവയും വെളളക്കെട്ട് കൂടുതലുളള പുഴയുടെ ഭാഗത്ത് ബോട്ടിംഗ് ടുറിസം എന്നിവയും നടത്താമെന്നാണ് വിലയിരുത്തല്‍. മഴക്കാലത്തും വേനല്‍ക്കാലത്തും വെളളക്കെട്ടും, ഉയര്‍ന്ന ചില ഭാഗങ്ങളില്‍ ജല ദൗര്‍ലഭ്യവും നേരിടുന്ന സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ചല്ലിയിലുണ്ട്. കനാല്‍ ചോര്‍ച്ച നിമിത്തമാണ് വേനലിലും ചല്ലിയില്‍ വെളളക്കെട്ടുയരാന്‍ ഇടയാകുന്നത്.

ചല്ലിയോട് ചേര്‍ന്നുളള നായടന്‍ പുഴ പുനരുദ്ധരിക്കുന്നതിനായി 4.87 കോടിരൂപയുടെ എസ്റ്റിമേറ്റാണ് ഉണ്ടാക്കിയത്. പുഴയ്ക്ക് പാര്‍ശ്വഭിത്തി നിര്‍മ്മിക്കുകയും മണ്ണും ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുകയുമാണ് വേണ്ടത്. 700 മീറ്ററില്‍ നായാടന്‍ പുഴ വീണ്ടെടുക്കും. നായടന്‍ പുഴയില്‍ നിന്നും തെക്കെന്‍ ചല്ലിയിലേക്കുളള 200 മീറ്റര്‍ അനുബന്ധതോടും പുനര്‍ നിര്‍മ്മിക്കും. തെക്കെന്‍ ചല്ലിയില്‍ നടുതോടും ഇടത്തോടുകളും നിര്‍മ്മിക്കും. ചെറോല്‍ താഴ,നമ്പൂരിക്കണ്ടിതാഴ,തുരുത്തിത്താഴ എന്നിവിടങ്ങളില്‍ ഉപ്പുവെളള പ്രതിരോധ തടയണകള്‍ (എസ്.ഡബ്യു.ഇ വി.സിബികള്‍)നിര്‍മ്മിക്കും. നമ്പൂരിക്കണ്ടി താഴയില്‍ പമ്പിംഗ് സംവിധാനവും ഏര്‍പ്പെടുത്തും.

ഇതിനായി 40 എച്ച്പി ശേഷിയുളള മോട്ടോര്‍ സ്ഥാപിക്കും. ഒറവിങ്കല്‍ താഴെ മുതല്‍ നടുത്തോടും കൈത്തോടുകളും ആവശ്യമുളള ഇടങ്ങളില്‍ വീതിയിലും ആഴത്തിലും തോടുകള്‍ നിര്‍മ്മിക്കും. തോടിന്റെ വശങ്ങളില്‍ ട്രാക്ടര്‍ പോകുന്ന രീതിയില്‍ ബണ്ടുകള്‍ ഉണ്ടാവും. പ്രധാന തോടുകള്‍ ചേരുന്ന തുരുത്തിയില്‍ താഴ ഭാഗത്ത് വി.സി.ബി നിര്‍മ്മാണം,പീറ്റക്കണ്ടി വി.സി.ബി പുതുക്കി പണിയല്‍,പാടശേഖരത്തിന്റെ ഉയര്‍ന്ന ഭാഗങ്ങളില്‍ ജലം സംഭരിക്കുന്നതിനുവേണ്ടി ചെറുകുളങ്ങളുടെ നിര്‍മ്മാണം എന്നീ പ്രവൃത്തികളും പദ്ധതിയുടെ ഭാഗമായുണ്ട്. വി.സി.ബികളുടെ നിര്‍മ്മാണത്തിന് രണ്ടേമുക്കാല്‍ കോടി രൂപയാണ് കണക്കാക്കിയത്.

നമ്പൂരിക്കണ്ടി താഴ ബണ്ടിന്റെ താഴെയുളള ഭാഗങ്ങളില്‍ നെല്‍കൃഷി പ്രയോഗികകമല്ലെന്ന് പഠനത്തില്‍ വ്യക്തമായിട്ടുണ്ട്.ഇവിടെ മത്സ്യകൃഷി, താറാവ് കൃഷി എന്നിവ നടത്തുകയും കൂടുതല്‍ വെളളക്കെട്ടുളള ഭാഗങ്ങള്‍ ടുറിസം സ്പോട്ടുകളാക്കി മാറ്റിയെടുക്കാനുമാണ് പദ്ധതി. ഈ പ്രവര്‍ത്തികള്‍ക്കെല്ലാം കൂടിയാണ് 20.7 കോടി രൂപയുടെ പദ്ധതി തയ്യാറാക്കിയതെന്ന് മൈനര്‍ ഇറിഗേഷന്‍ അസി.എക്സിക്യുട്ടീവ് എഞ്ചിനിയര്‍ കെ.വല്‍സരാജ് പറഞ്ഞു. വെളിയണ്ണൂര്‍ ചല്ലി നെല്‍കൃഷി വികസനത്തിനും,നായാടന്‍പുഴ പുനരുദ്ധാരണത്തിനും വേണ്ടി മൈനര്‍ ഇറിഗേഷന്‍ വകുപ്പ് തയ്യാറാക്കിയ പദ്ധതിയ്ക്ക് ആവശ്യമായ ഫണ്ട് അടുത്ത സംസ്ഥാന ബഡ്ജറ്റില്‍ അനുവദിക്കാന്‍ നടപടിയെടുക്കുമെന്നും വെളിയണ്ണൂര്‍ ചല്ലിയെ ജില്ലയിലെ പ്രധാനപാടശേഖരമായി മാറ്റുമെന്നും കാനത്തില്‍ ജമീല എം.എല്‍.എ പറഞ്ഞു.