സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ മരണം സ്ഥിരീകരിച്ചു; കുനൂര്‍ ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ മരണം 13 ആയി
കുനൂര്‍: സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍ അന്തരിച്ചു. ഇന്ത്യന്‍ വ്യോമസേനയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ബിപിന്‍ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. ഹെലികോപ്റ്ററിലുണ്ടായിരുന്ന മറ്റു പതിനൊന്ന് പേരും അപകടത്തില്‍ മരിച്ചിട്ടുണ്ട്.
കൂനൂരിനടുത്ത കാട്ടേരിയിലെ എസ്റ്റേറ്റിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ Mi-17V5 ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. 11.47-നാണ് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, ഭാര്യ മാധുലിക റാവത്ത് എന്നിവരടങ്ങിയ സംഘം സൂലൂരില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണിലേക്ക് പുറപ്പെട്ടത്.
ഡല്‍ഹിയില്‍നിന്ന് ബിപിന്‍ റാവത്ത് അടക്കം ഒമ്പത് പേരുടെ സംഘമാണ് തമിഴ്നാട്ടിലെത്തിയത്. പിന്നീട് സൂലൂരില്‍നിന്ന് അഞ്ചുപേര്‍ കൂടി ഹെലികോപ്റ്ററില്‍ കയറി. ബിപിന്‍ റാവത്തിനും ഭാര്യയ്ക്കും പുറമേ അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാരും മറ്റു സ്റ്റാഫംഗങ്ങളുമാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. വെല്ലിങ്ടണിലെ സൈനികത്താവളത്തില്‍ ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വരികയായിരുന്നു സംയുക്ത സൈനിക മേധാവി. എന്നാല്‍, ഉച്ചയ്ക്ക് 12.20-ഓടെ കൂനൂരിനടുത്ത് കാട്ടേരിയില്‍വെച്ച് ഹെലികോപ്റ്റര്‍ തകര്‍ന്നുവീഴുകയായിരുന്നു.
എസ്റ്റേറ്റിലെ തൊഴിലാളികളാണ് രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം ഓടിയെത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹെലികോപ്റ്ററില്‍നിന്ന് വലിയ രീതിയില്‍ തീ ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തെ ആദ്യഘട്ടത്തില്‍ ബാധിച്ചു. എസ്റ്റേറ്റിലെ തൊഴിലാളികള്‍ ആദ്യം വെള്ളമൊഴിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. പിന്നീട് വെല്ലിങ്ടണിലെ സൈനിക ക്യാമ്പില്‍നിന്ന് സൈനികരും മറ്റും എത്തിയതോടെ രക്ഷാപ്രവര്‍ത്തനം വേഗത്തിലായി.
പതിനാലു പേരുണ്ടായിരുന്ന ഹെലികോപ്റ്ററില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും മരിച്ചതായി വ്യോമ സേന സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് ആണ് ജീവനോടെ രക്ഷപ്പെട്ടയാള്‍. അദ്ദേഹം വെല്ലിംഗ്ടണ്‍ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ്.