‘റഷ്യയില്‍ ഉയര്‍ന്ന ജോലിയും ശമ്പളവും’ വാഗ്ദാനത്തില്‍ വഞ്ചിതരാകരുത് ; മുന്നറിയിപ്പുമായി റഷ്യന്‍ കോണ്‍സലേറ്റ്
തിരുവനന്തപുരം: റഷ്യയില്‍ ജോലി വാഗ്ധാനം ചെയ്ത് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് റഷ്യന്‍ കോണ്‍സലേറ്റ്. വ്യാജ രേഖകള്‍ കാട്ടി റഷ്യയില്‍ സര്‍ക്കാര്‍-സ്വകാര്യ കമ്പനികളില്‍ ജോലി വാഗ്ധാനം ചെയ്താണ് തട്ടിപ്പ് നടക്കുന്നത്. ഇത്തരത്തില്‍ കേരളത്തില്‍ നിന്നുള്ള നിരവധി ആളുകള്‍ തട്ടിപ്പിനിരയായി വിസ തട്ടിപ്പിന്റെ പേരില്‍ റഷ്യയില്‍ പിടിയിലായെന്നും ഓണററി കോണ്‍സലേറ്റ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ചില ഏജന്‍സികള്‍ ഹോട്ടല്‍ വൗച്ചറുകള്‍ ഉപയോഗിച്ച് റഷ്യയിലേക്ക് ടൂറിസ്റ്റ് വിസ തരപ്പെടുത്തി കൊടുക്കുന്നുണ്ട്. ഇങ്ങനെ ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് റഷ്യയില്‍ ജോലി ചെയ്യാന്‍ സാധിക്കില്ലെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വ്യാജ ഇലക്ട്രോണിക് തൊഴില്‍ വിസ ചില ഏജന്‍സികള്‍ നല്‍കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. റഷ്യ ഒരിക്കലും തൊഴില്‍ വിസ ഇലക്ട്രോണിക് രീതിയില്‍ നല്‍കാറില്ലെന്നും വിസ പാസ്പോര്‍ട്ടില്‍ നിയതമായ രീതിയില്‍ സ്റ്റാമ്പ് ചെയ്ത് വാങ്ങുകയാണ് വേണ്ടതെന്നും ഓണററി റഷ്യന്‍ കോണ്‍സല്‍ പറയുന്നു.