ഷംസീര്‍ എംഎല്‍എയുടെ ഭാര്യക്ക് നിയമനമില്ല; 16 വകുപ്പുകളിലെ നിയമനങ്ങള്‍ കാലിക്കറ്റ് സര്‍വ്വകലാശാല അംഗീകരിച്ചു


കോഴിക്കോട്: എ എന്‍ ഷംസീര്‍ എം എല്‍ എയുടെ ഭാര്യ ഉള്‍പ്പെട്ട പട്ടികയിലെ ആദ്യ രണ്ട് റാങ്കുകാര്‍ക്ക് കാലിക്കറ്റ് സര്‍വ്വകലാശാല നിയമനാംഗീകാരം നല്‍കി. വിവാദം കണക്കിലെടുത്താണ് ഷഹലയെ ഒഴിവാക്കിയതെന്നാണ് സൂചന. 16 വകുപ്പുകളിലെ 43 ഉദ്യോഗാര്‍ഥികള്‍ക്കാണ് നിലവില്‍ നിയമനം ലഭിച്ചിരിക്കുന്നത്.

കാലിക്കറ്റ് സര്‍വകലാശാല എജ്യൂക്കേഷന്‍ വിഭാഗത്തില്‍ രണ്ട് അധ്യാപക ഒഴിവുകളാണ് ഉണ്ടായിരുന്നത്. എ എന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യ ഷഹല കാലിക്കറ്റ് സര്‍വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് നടന്ന ഇന്റര്‍വ്യൂവില്‍ മൂന്നാം റാങ്കുകാരിയായിരുന്നു. ഈ ഇന്റര്‍വ്യൂവിലെ ആദ്യ രണ്ട് റാങ്കുകാര്‍ക്ക് നിയമനം കിട്ടി.

എസ്എഫ്‌ഐ മുന്‍ നേതാവും സിപിഎം മങ്കട ഏരിയാ സെക്രട്ടറിയുമായ പി കെ അബ്ദുളള നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിക്കാണ് ഈ അഭിമുഖത്തില്‍ ഒന്നാം റാങ്ക് ലഭിച്ചത്. രണ്ട് സിപിഎം നേതാക്കളുടെ ഭാര്യമാര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ടെന്ന് കാണിച്ച്, നിയമനത്തിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ കോടതിയിലെത്തിയിട്ടും തസ്തികകളില്‍ സംവരണ റൊട്ടേഷന്‍ ഏതിലാണെന്നോ ഏത് സംവരണമാണെന്നോ സര്‍വ്വകലാശാല വ്യക്തമാക്കിയിരുന്നില്ല.

ഉദ്യോഗാര്‍ത്ഥി ആയിരുന്ന എഎന്‍ ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ റിസര്‍ച്ച് ഗൈഡ് ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയത് പരാതിക്കിടയാക്കിയിരുന്നു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിടെ തൃശ്ശൂര്‍ ജോണ്‍ മത്തായ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഇക്കണോമിക്‌സ് വകുപ്പിലേക്ക് ഈ മാസം 21 മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് അഭിമുഖം നടന്നത്.

മുസ്ലിം സംവരണമാണ് നല്‍കിയതെങ്കില്‍ ഷഹലയ്ക്കായിരുന്നു നിയമനം കിട്ടേണ്ടിയിരുന്നത്. വിവാദം ഉയര്‍ന്നതോടെ, സംവരണ റൊട്ടേഷന്‍ മാറ്റി നിയമനം നല്‍കുകയായിരുന്നു എന്നാണ് സൂചന. എക്കണോമിക്‌സ് വകുപ്പിലെ നിയമനത്തിലും സമാനമായ രീതിയില്‍ സ്വജനപക്ഷപാത ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ ഉയര്‍ത്തി സര്‍വ്വകലാശാലയിലെ ലീഗ് അനുകൂല ജീവനക്കാരുടെ സംഘടനയും യൂത്ത് കോണ്‍ഗ്രസ്സും സിന്‍ഡിക്കേറ്റ് യോഗഹാളിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. അതേ സമയം സ്വജനപക്ഷപാതം ഉണ്ടായിട്ടില്ലെന്ന് പറഞ്ഞ വകുപ്പ് മന്ത്രി കെ ടി ജലീല്‍ സേവ് യൂണിവേഴ്‌സിറ്റി ഫോറത്തെ രൂക്ഷമായി വിമര്‍ശിച്ചു.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക