ആ പോരാട്ടം ജ്വലിച്ച് തന്നെ നിൽക്കും; പരിക്കേറ്റിട്ടും പിൻമാറാതെ നാടിനെ കാത്ത നമ്മുടെ ശ്രീജിത്ത്, സുബേദാർ എം ശ്രീജിത്തിന് ചേമഞ്ചേരിയിൽ സ്മൃതി മണ്ഡപം; സല്യൂട്ട്


കൊയിലാണ്ടി: ജമ്മു കശ്മീരില്‍ ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ മയൂരത്തില്‍ എം.ശ്രീജിത്തിന്റെ സ്മൃതി മണ്ഡപം സമര്‍പ്പിച്ചു. ചേമഞ്ചേരിയിലെ വീട്ടില്‍ നിര്‍മ്മിച്ച സ്മൃതി മണ്ഡപം എന്‍.സി.സി കോഴിക്കോട് ബ്രിഗേഡിയര്‍ കമാന്റര്‍ ഇ.ഗോവിന്ദ് ആണ് സമര്‍പ്പിച്ചത്.

ശ്രീജിത്ത് ഉള്‍പ്പെടെ 12 പേര്‍ക്ക് ശൗര്യചക്ര പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈ എട്ടിനാണ് കശ്മീരിലെ രജൗരി ജില്ലയിലെ സുന്ദര്‍ബനി സെക്ടറില്‍ പാകിസ്താന്‍ അതിര്‍ത്തിക്ക് സമീപം ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുബൈദാര്‍ നായിക് ശ്രീജിത്ത് കൊല്ലപ്പെട്ടത്.

സമര്‍പ്പണ ചടങ്ങില്‍ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അദ്ധ്യക്ഷത വഹിച്ചു.കെ.അജ്‌നഫ്, കോഴിക്കോട് സൈനിക കൂട്ടാഴ്മയിലെ നിരവധി അംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ശ്രീജിത്തിന്റെ കുടുംബാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സുനില്‍ തിരുവങ്ങൂര്‍, ശിവദാസ് ചേമഞ്ചേരി, അചുതന്‍ ചേമഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തില്‍ ദേശഭക്തിഗാനാലാപനം ഉണ്ടായിരുന്നു.