ശ്രീജിത്തിന്‌റെ വിയോഗത്തില്‍ നടുങ്ങി പൂക്കാട് ഗ്രാമം; മൃതദേഹം ഇന്ന് രാത്രിയോടെ നാട്ടിലെത്തും,തിരക്ക് നിയന്ത്രിക്കാന്‍ പൊതുദര്‍ശനം ഓണ്‍ലൈനായി
കൊയിലാണ്ടി: കശ്മീരില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച സൈനികന്‍ ചേമഞ്ചേരി പൂക്കാട് പടിഞ്ഞാറെ തറയില്‍ സുബേദാര്‍ എം.ശ്രീജിത്തിന്‌റെ മൃതദേഹം ഇന്ന് രാത്രി 11 മണിയോടെ നാട്ടിലെത്തിക്കും.ഗ്വാളിയോറില്‍ നിന്ന് ഇന്ന് വൈകിട്ട് നാല് മണിക്ക് പുറപ്പെട്ട ധീരജവാന്‍ ശ്രീജിത്തിന്റെ ഭൗതിക ശരീരവും വഹിച്ചുള്ള എയര്‍ഫോഴ്‌സ് വിമാനം വൈകീട്ട് 6 മണിയോടെ കോയമ്പത്തൂരിലെത്തും. അവിടെ നിന്ന് റോഡു മാര്‍ഗ്ഗമാണ് മൃതദേഹം നാട്ടിലെത്തിക്കുക.
നാളെ രാവിലെ പൂക്കാട് പടിഞ്ഞാറെ തറയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. പൂര്‍ണമായും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഔദ്യോഗിക ബഹുമതിയോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരക്ക് നിയന്ത്രിക്കുന്നതിന്‌റെ ഭാഗമായി ഓണ്‍ലൈന്‍ പൊതുദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുമെന്ന് എംഎല്‍എ കാനത്തില്‍ ജമീല അറിയിച്ചു.
ചേമഞ്ചേരി പഞ്ചായത്ത് നിലവില്‍ സി കാറ്റഗറിയിലാണ് അതുകൊണ്ടുതന്നെ ഇന്ന് ഉച്ച മുതല്‍ പ്രദേശത്ത് കനത്ത നിയന്ത്രണങ്ങള്‍ പൊലീസിന്‌റെ സഹായത്തോടെ നടപ്പിലാക്കുമെന്ന് ചേമഞ്ചേരി പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ കാനത്തില്‍ ജമീല വ്യക്തമാക്കി.
ഭാര്യയേയും രണ്ട് മക്കളേയും ഇന്ന് പുലര്‍ച്ചയോടെയാണ് മരണ വിവരം അറിയിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ അവധി കഴിഞ്ഞ് മടങ്ങിയ ശ്രീജിത്തിന്‌റെ വിയോഗത്തില്‍ നടുങ്ങിയിരിക്കുകയാണ് പൂക്കാട് ഗ്രാമം.