ശോചനീയാവസ്ഥയിലായ ആവള – പന്നിമുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്
പേരാമ്പ്ര: ചെറുവണ്ണൂര്‍ പഞ്ചായത്തിലെ പ്രധാന റോഡുകളിലൊന്നായ ആവള – പന്നിമുക്ക് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ഇതുവഴി കടന്നുപോകുന്നത്. ശോചനീയാവസ്ഥയിലായ റോഡിലൂടെയുള്ള യാത്ര ദുര്‍ഘടമായിട്ട് മാസങ്ങളായി.
ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലം മുതല്‍ റോഡ് പണി കരാര്‍ കൊടുത്തിരിക്കുന്നു എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വര്‍ഷം രണ്ട് കഴിഞ്ഞിട്ടും റോഡ് പണി തുടങ്ങിയിട്ടില്ലെന്നും ലീഗ് ആരോപിച്ചു. വേളം പഞ്ചായത്തുമായി ബന്ധിപ്പിക്കുന്ന ഈ റോഡിലൂടെ ദിവസവും നൂറുക്കണക്കിന് വാഹനങ്ങളും ആവള ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം ആയിരക്കണക്കിന് ആളുകളാണ് ദിനേന യാത്ര ചെയ്യുന്നത്. കുണ്ടും കഴിയും വെള്ളക്കെട്ടും കാരണം ഇരുചക്രവാഹനങ്ങളടക്കമുള്ളവ ഇവിടെ അപകടത്തില്‍ പെടുന്നത് നിത്യസംഭവമാണ്.
കരാറുകാരുടെയും അധികാരികളുടെയും ഒത്തുകളി അവസാനിപ്പിച്ച് എത്രയും വേഗം റോഡിന്റെ പണി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുട്ടോത്ത് ശാഖ മുസ്ലിം ലീഗ് പന്നി മുക്കില്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. ചെറുവണ്ണൂര്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീംകോച്ചേരി ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡണ്ട് ടി.ടി.അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടരി മുഹമ്മദ് കളിയെടുത്ത് സ്വാഗതം പറഞ്ഞു.മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.അഹമദ് മൗലവി, പി.സി ഉബൈദ്, ഷമീം കക്കറമുക്ക്, ആലക്കാട്ട് മുഹമ്മദ്, എ.കെ.സി അഫ്‌സല്‍, പി.സി.മുനീര്‍ എന്നിവര്‍ ധര്‍ണ്ണയെ അഭിസംബോധന ചെയ്തു സംസാരിച്ചു.