ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി; പരാതിയുമായി നാട്ടുകാര്‍, നാദാപുരത്ത് ഹോട്ടലിനെതിരെ നടപടിയെടുത്ത് ആരോഗ്യവിഭാഗം


നാദാപുരം: ശുചിമുറി മാലിന്യം പൊതു ഓടയിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്ന് നാദാപുരത്തെ ഹോട്ടലിനെതിരെ നടപടി. കസ്തൂരിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ഫുഡ്പാര്‍ക്ക് എന്ന ഹോട്ടലിനെതിരെയാണ് നാദാപുരം പഞ്ചായത്ത് ആരോഗ്യവിഭാഗവും പോലീസും നടപടിയെടുത്തത്. ഇന്ന് രാവിലെയോടെയാണ് സംഭവം.

ഹോട്ടലിന് സമീപത്തെ ഓടയില്‍ നിന്ന് ദുര്‍ഗന്ധം വന്നതോടെ നാട്ടുകാര്‍ ചേര്‍ന്ന് ഓട പരിശോധിക്കുകയായിരുന്നു. ഓടയില്‍ ഹോട്ടലിലെ ശുചിമുറി മാലിന്യം തള്ളുന്നതായി കണ്ടതോടെ നാട്ടുകാര്‍ നാദാപുരം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയശേഷം നാദാപുരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരിയെ വിവരം അറിയിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാലിന്യം തള്ളുന്നതായി തെളിഞ്ഞതോടെ ഹോട്ടല്‍ താത്ക്കാലികമായി അടച്ചു പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. പ്രശ്‌നം പരിഹരിച്ചശേഷം പിഡബ്ല്യുഡി വകുപ്പിന്റെ എന്‍ഒസി ലഭിച്ച ശേഷം വീണ്ടും പരിശോധന നടത്തിയതിന് ശേഷം മാത്രമേ ഇനി ഹോട്ടല്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Description: flushed toilet waste down the drain; Action against hotel in Nadapuram