ശീതളപാനീയം എന്നുകരുതി മുത്തച്ഛന്റെ മദ്യം കുടിച്ച നാലുവയസ്സുകാരന് ദാരുണാന്ത്യം; ഹൃദയാഘാതത്തെത്തുടര്‍ന്ന് മുത്തച്ഛനും മരിച്ചു
ചെന്നൈ: മുത്തച്ഛന്‍ വാങ്ങിവെച്ച മദ്യം ശീതളപാനീയമെന്നുകരുതി കുടിച്ച നാലുവയസ്സുകാരന് ദാരുണാന്ത്യം. കൊച്ചുമകന്‍ ഗുരുതരാവസ്ഥയിലായതറിഞ്ഞ മുത്തച്ഛനും ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. വെല്ലൂര്‍ ജില്ലയിലെ കാട്പാടിക്കടുത്ത് കഴിഞ്ഞദിവസമായിരുന്നു സംഭവം. തിരുവലം അണ്ണാനഗര്‍ സ്വദേശി ചിന്നസാമി (62), മകളുടെ മകന്‍ രുദ്രേഷ് (4) എന്നിവരാണ് മരിച്ചത്.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കൂലിപ്പണിക്കാരനായ ചിന്നസാമി വൈകീട്ട് മദ്യപിക്കുമായിരുന്നു. മദ്യപിച്ചശേഷം ചിന്നസാമി അടുത്ത മുറിയിലിരുന്ന് ടി.വി. കണ്ടു. കുട്ടിയുടെ മാതാപിതാക്കള്‍ വീട്ടിലില്ലായിരുന്നു. ഈസമയത്താണ് ശീതളപാനീയമാണെന്നുകരുതി രുദ്രേഷ് മുത്തച്ഛന്‍ കാണാതെ മദ്യം കുടിച്ചത്.
മദ്യം കഴിച്ചതോടെ ശ്വാസംമുട്ടിയ കുട്ടി കുഴഞ്ഞുവീണു. ശ്വാസമെടുക്കാന്‍ പ്രയാസപ്പെട്ട് കുട്ടി ശബ്ദമുണ്ടാക്കുന്നത് കേട്ടെത്തിയ ചിന്നസാമിയാണ് മകളെയും നാട്ടുകാരെയും വിവരമറിയിച്ചത്. മദ്യം കഴിച്ചതാണ് കാരണമെന്നറിഞ്ഞതോടെ പ്രദേശവാസികള്‍ ചിന്നസാമിയെ കുറ്റപ്പെടുത്തി. ഇതോടെ ഹൃദ്രോഗിയായ ചിന്നസാമി കുഴഞ്ഞുവീഴുകയായിരുന്നു.
ഇരുവരെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചിന്നസാമിയെ രക്ഷിക്കാനായില്ല. രുദ്രേഷിനെ വിദഗ്ധചികിത്സയ്ക്കായി വെല്ലൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.