ശില്പഭംഗിയാര്‍ന്ന പാറക്കൂട്ടങ്ങളിലൂടെ പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം; ഉറുമി മലയിലേക്കൊരു യാത്ര
പച്ചപുതച്ച കൂറ്റന്‍മലനിരകള്‍, ഉരുളന്‍ പാറക്കെട്ടുകളിലൂടെ നുരഞ്ഞുപതഞ്ഞുവരുന്ന കാട്ടുചോല, ശില്പഭംഗിയാര്‍ന്ന പാറക്കൂട്ടങ്ങള്‍, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍. മഴതോര്‍ന്നനേരം മലനിരകളില്‍ കോടയിറങ്ങും. ഒപ്പം ചെറിയതണുപ്പും ഇളംകാറ്റും. തെളിനീരിലേക്ക് ഊളിയിടുമ്പോള്‍ ലഭിക്കുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവില്ല. ഇങ്ങനെയെല്ലാം സഞ്ചാരികളുടെ മനംകവരുന്ന ഉറുമി വിനോദസഞ്ചാരഭൂപടത്തില്‍ ഇടംതേടുകയാണ്.
മലയോര കുടിയേറ്റമേഖലയുടെ സമഗ്രവികസനത്തിന് വഴിയാരുക്കുന്ന മലയോരഹൈവേ യാഥാര്‍ഥ്യമാകുമ്പോള്‍ സമീപപ്രദേശമായ ഉറുമിയുടെ വിനോദസഞ്ചാരസാധ്യതകൂടെ പരിഗണിക്കപ്പെടണമെന്ന ആവശ്യം ശക്തമാകുന്നു. 18 വര്‍ഷംമുമ്പ് വൈദ്യുതിബോര്‍ഡ് രണ്ട് ചെറുകിട ജലവൈദ്യുതപദ്ധതികള്‍ തുടങ്ങിയതോടെയാണ് ഉറുമി കൂടുതല്‍ ജനകീയമാകുന്നത്. കയാക്കിങ് മത്സരവേദികൂടിയാണ് ഇപ്പോള്‍ ഇവിടം.
തിരുവമ്പാടി, കൂടരഞ്ഞി ഗ്രാമപ്പഞ്ചായത്ത് പരിധിയിലാണ് ഈ ഭൂപ്രദേശം. നാലില്‍ മൂന്നുഭാഗവും കൂടരഞ്ഞി പഞ്ചായത്തിന് കീഴില്‍. കോഴിക്കോട് നഗരത്തില്‍നിന്ന് കൂടരഞ്ഞിവഴി 48 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പൂവാറന്‍തോടിലെത്താം. പൂവാറന്‍തോടിന്റെ താഴ്‌വരയിലാണ് ഉറുമി വെള്ളച്ചാട്ടം. ഒട്ടേറെ റിസോര്‍ട്ടുകളുണ്ട് പൂവാറന്‍തോടില്‍. പൂവാറന്‍തോടിലേക്കുള്ള ആദ്യകാഴ്ചയായ ഉറുമിഡാമും സമീപത്തെ ചെറുവെള്ളച്ചാട്ടങ്ങളും മനോഹരം. മേടപ്പാറ, ഉടുമ്പ് പാറ എന്നിവയും ദൃശ്യവിരുന്നൊരുക്കുന്നു. ആഴം തിട്ടപ്പെടുത്താന്‍ കഴിയാത്ത കിണര്‍ ആകൃതിയില്‍ രണ്ടു വന്‍കയങ്ങളുണ്ടിവിടെ.
ജില്ലയില്‍തന്നെ ഏറ്റവുംകൂടുതല്‍ ജാതിക്കൃഷി നടക്കുന്നതിവിടെയാണ്. ഡി.ടി.പി.സി.യുടെയുംമറ്റും നിയന്ത്രണമില്ലാത്തതിനാല്‍ പതങ്കയത്തും ഉറുമിയിലും സഞ്ചാരികള്‍ക്ക് യഥേഷ്ടം വിഹരിക്കാം.