‘ശരീരത്തെ ശരീരമായി കാണാന്‍ കുട്ടികള്‍ പഠിക്കും, അവര്‍ ഒന്നിച്ചിരിക്കട്ടെ, ഒന്നിച്ച് കളിക്കട്ടെ’; ഏകീകൃത യൂനിഫോമില്‍ പ്രതികരണവുമായി അരിക്കുളം സ്വദേശിനി ശ്രുതി പ്രേമന്‍


ശ്രുതി പ്രേമൻ

വിഷയത്തെക്കുറിച്ച് എഴുതണമെന്ന് കുറേ ദിവസമായി ആലോചിക്കുന്നു. ജെന്റർ ന്യൂട്രൽ വസ്ത്രത്തെക്കുറിച്ച് വമ്പിച്ച ചർച്ച നടക്കുന്ന സമയമായതിനാൽ ഇപ്പോൾ തന്നെ എഴുതി കളയാം എന്ന് കരുതി!

ഞാൻ അഞ്ചുവർഷക്കാലം പഠിച്ചത് ഒരു പെൺ വിദ്യാലയത്തിലാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ഗേൾസ് സ്കൂളിൽ പഠിക്കണമെന്ന് എവിടുന്നോ ഒരാഗ്രഹം തോന്നി. അങ്ങനെ കൊയിലാണ്ടി ഗേൾസിൽ പോവാൻ തീരുമാനമായി. അതിനിടയ്ക്ക് നാട്ടിലെ സ്കൂളിൽ ചേർക്കാനായി അവിടുത്തെ അധ്യാപകൻ വീട്ടിൽ വന്നു. അങ്ങേരു പോയതും അവിടെ പോവില്ല എന്ന് പറഞ്ഞു ഞാൻ ഒരൊറ്റ ചാട്ടം. വാതിലിലിടിച്ച് തല മുറിഞ്ഞു ..നിറയെ ചോര …. നാല് സ്റ്റിച്ച്. അങ്ങനെ ചോര കണ്ടിട്ടാണ് ഗേൾസ് സ്കൂളിൽ എത്തുന്നത്.

അന്ന് കൊയിലാണ്ടിയിൽ ഗേൾസ് സ്കൂളും ബോയ്സ് സ്കൂളും ഉണ്ട്. വൈകുന്നേരമായാൽ ഗേൾസ് വിടുന്നതും കാത്ത് വഴി നിറയെ ബോയ്സ് സ്കൂളിൽ ഉള്ള കുട്ടികളാണ്. അതിൽ പ്രണയിക്കുന്നവരും, പ്രണയാഭ്യർഥന നടത്താനായി വഴിയിൽ കാത്ത് നിൽക്കുന്നവരും, കമന്റടിക്കാൻ നിൽക്കുന്നവരുമെല്ലാമുണ്ടാവും.

സ്കൂളിൽ പഠിക്കുന്ന സമയത്ത് സമരത്തിന് ആരെങ്കിലും വരുമ്പോഴാണ് ഞങ്ങൾ ആൺകുട്ടികളെ കണ്ടിരുന്നത്. പിന്നെ ഏതെങ്കിലും കാലത്ത് ആരെങ്കിലും സ്കൂൾ കടന്ന് അതുവഴി വന്നാൽ ജനാല കമ്പികളിലൂടെ എല്ലാവരും തല പുറത്തിടും. ഈ രണ്ട് സ്കൂളുകളും ചേർന്ന് ഒരൊറ്റ സ്കൂൾ ആയിരുന്നെങ്കിൽ എന്നെല്ലാവരും പറയുമായിരുന്നു.

പ്ലസ് ടു ക്ലാസ്സ് പഠിച്ചതും ഗേൾസിൽ തന്നെയാണ്. 2011- 12 കാലഘട്ടം. അക്കാലത്ത് ക്ലാസ്സിലൊക്കെ അധ്യാപകരും വിദ്യാർത്ഥികളും ആൺപെൺ വിദ്യാലയങ്ങളെ കുറിച്ച് ചർച്ച നടത്താറുണ്ടായിരുന്നു. ഹിസ്റ്ററിയുടെ രമേശൻ മാഷാണ് മിക്കവാറും ഈ ചർച്ചയ്ക്ക് തിരികൊളുത്താറ്. പെൺകുട്ടികൾക്ക് മാത്രമായി സ്കൂൾ വേണ്ട എന്ന് തന്നെയായിരുന്നു ഞങ്ങൾ ഭൂരിഭാഗം പേരുടെയും അഭിപ്രായം.
പെൺകുട്ടികൾക്ക് മാത്രം വിദ്യാലയം ആയാൽ എന്താണ് ഗുണം; ആർത്തവ സമയത്ത് ആരുടെയും കളിയാക്കലുകളോ, തുറിച്ചുനോട്ടമോ നേരിടേണ്ടിവരില്ല …. വസ്ത്രത്തിന്റെ കാര്യത്തിലോ, ശാരീരിക ചലനത്തിൻറെ കാര്യത്തിലോ യാതൊരു ബുദ്ധിമുട്ടുമില്ല എന്നൊക്കെ ഒരു കാരണത്തിനു വേണ്ടി പറയാമെന്നല്ലാതെ ഇത്തരം വേർതിരിവുകൾ കൊണ്ട് യാതൊരു ഗുണവും ഇല്ല എന്നതാണ് സത്യം. കുട്ടിക്കാലം മുതലേ ജെൻഡറിന്റെ പേരിൽ മതിലുകൾ പണിയുകയാണ് നമ്മൾ. ജെൻഡർ എന്ന വിശാലതയെ വിദ്യാലയങ്ങൾ ഉൾക്കൊണ്ടേ മതിയാവുള്ളൂ. കേരളത്തിൽ ബോയ്സ് – ഗേൾസ് വിദ്യാലയങ്ങൾ മാറി വിദ്യാലയങ്ങൾ വരട്ടെ.

അടുത്തത് വസ്ത്രത്തെക്കുറിച്ചാണ്……
കമ്പോളങ്ങൾ പടച്ചുണ്ടാക്കിയ വസ്ത്രധാരണരീതി നമ്മൾ കാലങ്ങളായി പിന്തുടർന്നുകൊണ്ടിരിക്കുന്നു . ചലന സ്വാതന്ത്ര്യത്തെ തളച്ചിടുന്ന തരത്തിലുള്ള വസ്ത്രങ്ങൾ പെൺകുട്ടികൾക്കും ഏതുവിധേനയും ചലിക്കാനുതകുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ആൺകുട്ടികൾക്കും ആയിട്ടാണ് ഇത്രയുംകാലം നമ്മുടെ വസ്ത്ര ബോധം നില നിന്നിട്ടുള്ളത്.
കേരളത്തിലെ പെൺകുട്ടികളുടെ യൂണിഫോമുകൾ ഒന്ന് നോക്കിക്കേ..
1.അടിവസ്ത്രങ്ങൾ, അതിനുമുകളിൽ ഒരു പാൻറ്, ഒരു ചുരിദാർ ടോപ്പ്, അതിനുമുകളിൽ ഒരു ഷാൾ അല്ലെങ്കിൽ ഒരു കോട്ട്.
2. അടിവസ്ത്രങ്ങൾ, ഒരു പാൻറ്, അതിനുമുകളിൽ പാവാട, സോക്സ് ഷൂസ്, ഷർട്ട്, ടൈ, അതിനുമുകളിൽ കട്ടിയുള്ള ഒരു കോട്ട് .

പാവാട ഉണ്ടെങ്കിൽ സുഖമായി ചലിക്കാൻ നിർബന്ധമായും ഒരു പാൻറ് ഇടാറുണ്ട് എല്ലാവരും. ഒന്നാലോചിച്ചു നോക്കിക്കേ . . . എത്ര ബുദ്ധിമുട്ടാണ് ഈ വസ്ത്രധാരണം ഒരോ കുട്ടികളിലും ഉണ്ടാക്കുന്നത്. എത്രത്തോളം ആണ് അവർ തൻറെ ശരീരം പൊതിഞ്ഞ് വയ്ക്കുന്നത്. ഇതിലൂടെ ഇവർ എന്താണ് പഠിക്കുന്നത്. പാൻറും ഷർട്ടും ഇട്ടു നടക്കുന്ന ആൺകുട്ടികളെ കാണുമ്പോൾ അവർക്കും അതുപോലെ എളുപ്പത്തിൽ വസ്ത്രം ധരിക്കാനും കുറെ കൂടി സുഖമായി സഞ്ചരിക്കാനും തീർച്ചയായും ആഗ്രഹം ഉണ്ടാവും.

എല്ലാവർക്കും ഒരേ വസ്ത്രം എന്നത് എത്ര മനോഹരമായ കാഴ്ചപ്പാടാണ്. അവിടെ വസ്ത്രം ആരെയും വേർതിരിക്കുന്നില്ല. കാൽ അകത്തി നിൽക്കുമ്പോഴോ , ഓടുമ്പോൾ ഷോൾ തെന്നി പോകുമോ എന്നൊന്നും ആകുലപ്പെട്ട് വളരേണ്ട. ആണാണെങ്കിലും പെണ്ണാണെങ്കിലും ട്രാൻസ് ജെൻഡർ ആളുകളോ, നോൺ ബൈനറിയോ ആണെങ്കിലും എല്ലാവരും സമമാണെന്ന് ഇതിലൂടെ കുട്ടികൾ പഠിക്കും. മനുഷ്യശരീരത്തെ മനുഷ്യശരീരമായ് കാണാൻ കുട്ടികൾ പഠിക്കും. അവർ ഒന്നിച്ചിരിക്കുകയും ഒന്നിച്ച് കളിക്കുകയും ചെയ്യട്ടെ.. പരസ്പരം വൈവിധ്യങ്ങളെ മനസ്സിലാക്കാനും അംഗീകരിക്കാനും പഠിക്കട്ടെ.

വർഷങ്ങൾക്ക് മുമ്പേ വരേണ്ടിയിരുന്ന ഒരു ചിന്തയാണിത്. കുറച്ചുകൂടി കാലം മുന്നോട്ട് കഴിയുമ്പോൾ ഇഷ്ടമുള്ളത് ധരിക്കാം എന്ന രീതിയിലേക്കും നമ്മുടെ സ്കൂളുകൾ വളരും……. എല്ലാവർക്കുമിടമുള്ളൊരിടമായ് സ്ക്കൂളും അതിലൂടെ സമൂഹവും വളരട്ടെ.