ശമ്പളം ലഭിച്ചില്ല; പരാതിയുമായി കൊയിലാണ്ടി എഫ്.എല്‍.ടി.സിയിലെ വൊളന്റിയര്‍മാര്‍


കൊയിലാണ്ടി : നഗരസഭ കൊവിഡ് എഫ്.എല്‍.ടി.സിയിലെ വൊളന്റിയര്‍മാരായി ജോലി ചെയ്തവര്‍ക്ക് ശമ്പളം നല്‍കിയില്ലെന്ന് പരാതി. ഇരുപതോളം വൊളന്റിയര്‍മാര്‍ക്കാണ് കഴിഞ്ഞ നാലു ബാച്ചുളില്‍ ജോലി ചെയ്തതിന്റെ പ്രതിഫലം കിട്ടാത്തത്. ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ശമ്പളം ലഭിക്കുന്നതിന് തടസ്സമായതെന്നാണ് വൊളന്റിയര്‍മാര്‍ പറയുന്നത്. പലര്‍ക്കും വലിയ തുക ലഭിക്കാനുണ്ടെന്നാണ് അറിയുന്നത്.

രണ്ട് ബാച്ചുളിലുള്ളവര്‍ നാല് ഷിഫ്റ്റുകളായിട്ടായിരുന്നു ഡ്യൂട്ടി ചെയ്തത്. 14 ദിവസം ഡ്യൂട്ടി എടുത്താല്‍ ഏഴ് ദിവസം ക്വാറന്റീനില്‍ പോകണം. ഈ സമയങ്ങളില്‍ മറ്റ് തൊഴില്‍ എടുക്കാനും പറ്റാത്ത അവസ്ഥയാണ്. കൊവിഡ് കാലത്തുള്ള തൊഴില്‍ നഷ്ടപ്പെടുത്തിയാണ് മിക്കവരും വൊളന്റിയര്‍മാരായി വന്നത്. ശമ്പളം കിട്ടാതായതോടെ ഇവരുടെ കുടുംബം പട്ടിണിയിലായിരിക്കുകയാണ്.

14 ദിവസത്തെ ഡ്യൂട്ടിയും ഏഴ് ദിവസത്തെ ക്വാറന്റീനും പൂര്‍ത്തിയാക്കി ശമ്പളത്തിനായി നഗരസഭ അധീകൃതരെ സമീപിച്ചെങ്കിലും നടപടിയൊന്നുമെടുത്തില്ലെന്ന് ഇവര്‍ പറയുന്നു. ഫണ്ട് നല്‍കാന്‍ കളക്ടറേറ്റില്‍ കത്ത് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ് തിരിച്ചയക്കുകയാണുണ്ടായത്. എന്നാല്‍ കളക്ടറേറ്റില്‍ അന്വേഷിച്ചപ്പോള്‍ നഗരസഭയിലാണ് അന്വേഷിക്കേണ്ടതെന്ന മറുപടിയാണ് ലഭിക്കുന്നത്.

കൊയിലാണ്ടി, പയ്യോളി നഗരസഭകളിലെ എഫ്എല്‍ടിസിയിലെ വൊളന്റിയര്‍മാര്‍ക്ക് മാത്രമെ പ്രതിഫലം ലഭിക്കാനുള്ളുവെന്നാണ് ഇവര്‍ പറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ 17നാണ് അമൃത എഫ്എല്‍ടിസി അടച്ചത്. ഉടന്‍തന്നെ പണം അനുവദിക്കണമെന്നാണ് വൊളന്റിയര്‍മാരായി ജോലി ചെയ്തവര്‍ ആവശ്യപ്പെടുന്നത്.


കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക