‘ശബരിമല തീർത്ഥാടന കാലത്താണ് എനിക്കെതിരെ ആക്രമങ്ങള്‍ വർദ്ധിക്കുന്നത്’; സംരക്ഷിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റി; ആരോപണവുമായി ബിന്ദു അമ്മിണി


കോഴിക്കോട്: ശബരിമല തീർത്ഥാടന കാലത്താണ് തനിക്കെതിരെ അപകടങ്ങൾ കൂടുന്നതെന്നും ഈ അപകടം പോലീസിനുണ്ടായ വീഴ്ച മൂലമെന്നും ബിന്ദു അമ്മിണി. ഇതിനു പുറകിൽ സംഘപരിവാറാണെന്ന സംശയമുണ്ടെന്നും അവർ കൂട്ടി ചേർത്തു. ഇന്നലെ പൊയില്‍ക്കാവ് ടൗണിലെ തുണിക്കട അടച്ച് വീട്ടിലേക്ക് നടന്നു വരുമ്പോഴാണ് ബിന്ദുവിനെ ഓട്ടോയിടിച്ചത്. ഇടിച്ച ഓട്ടോറിക്ഷ നിര്‍ത്താതെ പോവുകയായിരുന്നു.

ശബരിമല പ്രവേശനത്തിലൂടെ വിവാദങ്ങളിൽ നിറഞ്ഞു നിന്ന ആളാണ് അഭിഭാഷകയും ആക്റ്റിവിസ്റ്റുമായ ബിന്ദു അമ്മിണി. തീര്‍ത്ഥാടനകാലമാകുമ്പോൾ തനിക്കെതിരെ ആക്രമണങ്ങള്‍ കൂടുന്നുണ്ടെന്നും എനിക്ക് സുരക്ഷ ഒരുക്കണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശം പാലിക്കപ്പെട്ടിട്ടില്ല എന്നും അവർ പറഞ്ഞു.

എന്നാൽ ആശുപത്രിയിലെത്തി ബിന്ദു അമ്മിണിയുടെ പ്രാഥമിക മൊഴിയെടുക്കുകയും വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തതായും കൊയിലാണ്ടി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു

പൊയില്‍കാവില്‍ വച്ച്‌ ഇന്നലെ രാത്രിയാണ് അപകടം നടന്നത്. തലയ്ക്ക് പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.