ശനിയാഴ്ച്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കും ഇടിമിന്നലിനും സാധ്യത, ജില്ലയില്‍ ജനം ജാഗ്രത പാലിക്കുക
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കോഴിക്കോട് ജില്ലയിലെ മലയോര മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍, അന്തമാന്‍ കടലില്‍ ഈ വര്‍ഷത്തെ രണ്ടാമത്തെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യത. എന്നാല്‍ ന്യൂനമര്‍ദ്ദ സ്വാധീനം കേരളത്തെ നേരിട്ട് ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.
30 മുതല്‍ 40 കിമി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ഉച്ചയ്ക്ക് രണ്ട് മുതല്‍ രാത്രി പത്ത് മണിവരെയുള്ള സമയത്ത് ഇടിമിന്നല്‍ സാധ്യത കൂടുതലാണ്. പൊതു ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല.