ശതാഭിഷിക്തനായ എം.ആർ രാഘവവാര്യർക്ക് സ്നേഹപൂർവം
വിജയരാഘവൻ ചേലിയ
ആയിരം പൂർണ്ണചന്ദ്രന്മാരെ കണ്ടിട്ടുള്ള ഒരുപാടു പേർ നമുക്കിടയിലുണ്ട്. എന്നാൽ ആ കാലത്തിനത്രയും സാക്ഷി പറയാവുന്ന ആരെയെങ്കിലും കണ്ടിട്ടുണ്ടോ ? ഇല്ലെങ്കിൽ വരിക, ഞങ്ങളുടെ പ്രിയപ്പെട്ട എം ആറിനടുത്തേക്ക്. പൂതപ്പാട്ടിൽ ഇടശ്ശേരി പറയുന്നത് ഉണ്ണികൾക്ക് ഏഴു തികയുമ്പോഴേ കണ്ണും കാതുമുറയ്ക്കൂ എന്നാണ്. എന്നാൽ ഞങ്ങളുടെ മാഷ് നാലാം വയസ്സിൽ നാട്ടുമാവിൻ ചോട്ടിലൂടെ കൂട്ടുകാരോടൊത്ത് ഓടിക്കളിച്ചതും, ഒന്നാം ക്ലാസ്സിലെ സഹപാഠികൾക്കൊപ്പം കാട്ടിക്കൂട്ടിയ കുസൃതികളും, അക്ഷരമോതിക്കൊടുത്ത ഗുരുക്കന്മാരുടെ സ്വഭാവസവിശേഷതകളും ഒട്ടും സംശയമില്ലാതെ സൂക്ഷ്മമായി പറഞ്ഞു തരും. അതേ സൂക്ഷ്മതയോടെയും ആധികാരികതയോടെയും ചരിത്രത്തെ കുറിച്ചും പുരാണേതിഹാസങ്ങളെ കുറിച്ചും കലാ – സാംസ്കാരിക പാരമ്പര്യങ്ങളെ കുറിച്ചും എന്തിന് ഗണിത ശാസ്ത്ര ബോധന രീതികളെ കുറിച്ചും, ഒരേ തരംഗദൈർഘ്യത്തിൽ, പറഞ്ഞു തരാൻ മറ്റാരുണ്ട് ഈ ഭൂമി മലയാളത്തിൽ?
പരിമിതാവശ്യക്കാരനായ ചോദ്യകർത്താവിനു മുന്നിൽ അപരിമിതമായ അറിവിൻ്റെ നാനാ തലങ്ങളെ എം ആർ വരച്ചുകാട്ടും. ഒരു അദ്ധ്യാപകൻ്റെ, അല്ല ഗുരുവിൻ്റെ ഗുണവിശേഷങ്ങൾ എന്തായിരിക്കണമെന്ന് അത് നമ്മെ ബോദ്ധ്യപ്പെടുത്തും. ഒറ്റപ്പടവു കയറാനുദ്ദേശിച്ച പഠിതാവിനെ രണ്ടോ മൂന്നോ പടവുകൾക്കു മുകളിലേക്ക് കൈപിടിച്ചുയർത്തുന്നതാകും ആ മറുപടികൾ. അത് എപ്പോഴും എവിടെ വെച്ചും ആകാം. ഒരിക്കൽ ഒരുമിച്ചു കാറിൽ സഞ്ചരിക്കുമ്പോൾ ആരോ ഒരാളുടെ ഫോൺ. ഉദയംപേരൂര് സുന്നഹ ദോസിനെ കുറിച്ചുള്ള സംശയമാണ്. മറുപടി ഏതാണ്ട് നാൽപ്പതു മിനുട്ട് നീണ്ടുനിന്നു. വെറുതെ ഒരു കൗതുകത്തിനു ചോദിച്ചു, ആരായിരുന്നു ? ഏതോ ഒരു ചരിത്ര വിദ്യാർഥി. അയാൾ മുഴുവൻ കേട്ടിരിക്കുമോ ? അയാൾ അലസമായിരിക്കുമോ ? എന്തോ ? പക്ഷേ മാഷുടെ മുഖത്ത് സംതൃപ്തിയുടെ ഒരു ചിരി നിഴലിച്ചിരുന്നു.
കേൾക്കുന്നതിലുമുണ്ട് ഒരു എം ആർ ശൈലി. തലയൽപ്പം കുനിച്ച്, കണ്ണുകൾ പാതിയടച്ച്, കസേരക്കൈകളിൽ വിരലുകൾ കൊണ്ട് താളം പിടിച്ച് , കാൽമുട്ടുകൾ ഇളക്കി അൽപ്പനേരമങ്ങനെ…. ചിന്തകളെ ധ്യാനിച്ചു വരുത്തുകയാവും. പിന്നെ തല കുലുക്കിക്കൊണ്ട് സാവകാശം പറഞ്ഞു തുടങ്ങും. കേൾവിക്കാരൻ്റെ പ്രായമോ പാണ്ഡിത്യമോ പ്രശ്നമല്ല. അതി ഗൗരവമായി തന്നെ, ഒന്നും മനസ്സിലാകാതെ പോകരുതെന്ന് ചോദ്യകർത്താവിനേക്കാൾ ശാഠ്യത്തോടെ. പ്രഭാഷണത്തിലും അതേ, പറഞ്ഞു കൊണ്ടിരിക്കുമ്പോൾ ആ തലയിലേക്ക് പുതിയ ആശയങ്ങൾ, ഓർമ്മകൾ ഒഴുകിവരുന്നത് നമുക്ക് അനുഭവവേദ്യമാകും. ‘ഒരു ഒരു ‘ എന്ന് പലവട്ടം ഉരുവിട്ടാൽ ഉറപ്പാണ് , ഓർമ്മകളുടെ ആഴങ്ങളിലേക്ക് അദ്ദേഹം ഊളിയിട്ടിറങ്ങുകയാവും.
എൺപതുകളിലും യുവാവിൻ്റെ ചുറുചുറുക്ക്. ആ ഉത്സാഹത്തിനു മുന്നിൽ ആധുനിക സാങ്കേതിക വിദ്യകളും കീഴടങ്ങും. ഒറ്റക്കൈ കൊണ്ട് കീ ബോർഡിൽ പത്തമ്പതു പേജുള്ള ലേഖനം നട്ടപ്പാതിരയ്ക്ക് ഉറക്കമിളച്ചിരുന്ന് ടൈപ്പു ചെയ്യാൻ, പുലരും മുമ്പ് ഇ – മെയിലിൽ അത് എത്തേണ്ടിടത്ത് എത്തിക്കാൻ മറ്റാർക്കു കഴിയും? കാലം ഈ മനുഷ്യൻ്റെ നിശ്ചയദാർഢ്യത്തിനു മുന്നിൽ തോറ്റു പോകുന്നു.
അഭിമാനത്തോടെയും ഇത്തിരി അഹങ്കാരത്തോടെയും, ഞങ്ങൾ ചേലിയക്കാർ പറയാറുണ്ട്, ഞങ്ങൾ ഗുരു ചേമഞ്ചേരിയുടേയും ഡോ. എം ആർ രാഘവവാരിയരുടേയും നാട്ടുകാരാണ്. അതിൽപ്പരം മറ്റൊരു മേൽവിലാസമെന്തിന് ?
പ്രിയപ്പെട്ട ഗുരുനാഥന് ഇനിയുമേറെ പൂർണ്ണചന്ദ്രന്മാരെ കാണാനും ആ കാഴ്ചകളെ വരും തലമുറയ്ക്ക് പറഞ്ഞു കൊടുക്കാനും കഴിയുമാറാകട്ടെ.
കൊയിലാണ്ടി ന്യൂസിൽ നിന്നുള്ള വാർത്തകൾ മുടങ്ങാതെ വാട്ട്സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക