ശക്തമായ മഴയിൽ കൊയിലാണ്ടി വരകുന്നിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണ് വീട് തകർന്നു


കൊയിലാണ്ടി: ശക്തമായ മഴയ്ക്കിടെ കുറുവങ്ങാട് വരകുന്നിൽ വീടിന് മുകളിലേക്ക് മതിൽ ഇടിഞ്ഞ് വീണു. കൊയിലാണ്ടി നഗരസഭയിലെ ഇരുപത്തിയാറാം വാർഡിലെ ലക്ഷം വീടിൽ കുഞ്ഞീവിയുടെ വീടാണ് മതിൽ ഇടിഞ്ഞ് വീണ് തകർന്നത്. ഇവരുടെ അയൽവാസി നൌഫൽ എന്നയാളുടെ വീടിൻ്റെ ചുറ്റുമതിലാണ് കുഞ്ഞിബിയുടെ വീടിന് മുകളിൽ പതിച്ചത്.

ശക്തമായ തള്ളിച്ചയിൽ വീടിൻ്റെ ചുമർ തകർന്ന് കോൺക്രീറ്റ് ബെൽറ്റോട്കൂടിയ കല്ലും മതിലും വീടിനകത്തെത്തി. വീടിന് കനത്ത നാശനഷ്ടമാണ് ഉണ്ടായത്. ഒരു ഭാഗത്തെ ചുമർ പൂർണ്ണമായും തകർന്നിട്ടുണ്ട്. വിടിൻ്റെ പല ഭാഗത്തും വിള്ളലുകൾ ഉണ്ടായിട്ടുണ്ട്.

നാലര മീറ്റർ ഉയരവും 12 മീറ്ററോളം നീളവുമുണ്ട് തകർന്ന മതിലിന്. ആ സമയത്ത് വീടിനകത്തുള്ളവർ മറ്റ് റൂമുകളിലായതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. തൊട്ടുമുമ്പ് മതിൽ ഇടിഞ്ഞ് വീണ ഭാഗത്ത് നിന്ന് കുട്ടികൾ ഓടിക്കളിച്ചിരുന്നതായി വീട്ടുകാർ പറഞ്ഞു. നഗരസഭ കൌൺസിലർ വി.എം.സിറാജിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ വീട്ടിലെ കല്ലും മണ്ണും നീക്കം ചെയ്തു.